വഖ്ഫ് ബോര്‍ഡ് ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം: സുന്നി മഹല്ല് ഫെഡറേഷന്‍
മലപ്പുറം: സംസ്ഥാന വഖഫ് ബോര്‍ഡ് മുഖേന നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തിവച്ച നടപടി പുനഃപരിശോധിക്കണമെന്നുഇടപെടലുകളും തീരുമാനങ്ങളും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരളാ സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 2010 പെണ്‍കുട്ടികളുടെ വിവാഹ സഹായവും 260 രോഗികളുടെ ചികിത്സാ സഹായവും ഉള്‍പ്പെടെ മൂന്ന് കോടി രൂപ വഖ്ഫ് ബോര്‍ഡിന്റെ തനതു ഫണ്ടില്‍ നിന്ന് നല്‍കാന്‍ തീരുമാനിച്ചത് സാമ്പത്തിക പ്രതിസന്ധി കാരണം പറഞ്ഞ് നിര്‍ത്തി വച്ച് ഒരു കോടി രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് പ്രകടനപരതയും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനവും പ്രതിഷേധാര്‍ഹവുമാണ്. സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായിരുന്ന കാലയളവില്‍ ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്ത് നല്‍കുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതിരുന്നതും കഴിഞ്ഞ ബജറ്റുകളില്‍ ധനമന്ത്രി വകയിരുത്തിയ തുക നല്‍കാതിരുന്നതും അര്‍ഹരുടെ അവകാശങ്ങള്‍ തടയുവാന്‍ കാരണമായെന്ന് യോഗം വിലയിരുത്തി.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ വഖ്ഫ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാലും എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞു കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതിനാലും 2019-2020 വര്‍ഷത്തെ വഖ്ഫ് ബോര്‍ഡ് വിഹിതം അടക്കുന്നതില്‍ നിന്ന് സ്ഥാപനങ്ങളെയും മറ്റു വഖ്ഫുകളെയും പൂര്‍ണമായും ഒഴിവാക്കി ഉത്തരവിറക്കണം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വഖ്ഫ് സ്ഥാപനങ്ങളിലെ ജീവനക്കാരെ സഹായിക്കുന്നതിന് വഖ്ഫ് ബോര്‍ഡ് പ്രത്യേക ദുരിതാശ്വാസനിധി രൂപീകരിച്ച് ആശ്വാസ വിതരണ സംവിധാനമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസി സഹോദരങ്ങള്‍ക്ക് ക്വോറന്റൈന്‍ ഫീസ് ചുമത്തുന്നതിനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പിന്തിരിയണമെന്നും അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അനാഥലായങ്ങളില്‍ നിന്ന് അവധിയില്‍ നാട്ടില്‍ പോയ വിദ്യാര്‍ഥികളെ വീണ്ടും സ്ഥാനപത്തില്‍ ചേര്‍ക്കുന്നതിന് രക്ഷിതാക്കള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം. ഒരു രക്ഷിതാവിന് സ്വന്തം കുട്ടിയെ താല്‍പര്യമുള്ള സ്ഥാപനത്തില്‍ ചേര്‍ക്കുന്നതിനുള്ള സ്വാതന്ത്ര്യം ഈ ഉത്തരവ് വഴി ഹനിക്കപ്പെടുകയാണെന്ന് യോഗം വിലയിരുത്തി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കാസര്‍കോട്, ഉമര്‍ ഫൈസി മുക്കം, എം.സി മായിന്‍ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, അബ്ബാസ് ഹാജി കല്ലട്ര, അബ്ദുല്‍ ബാഖി കണ്ണൂര്‍ , കെ.കെ ഇബ്‌റാഹീം ഹാജി എറണാകുളം, മഅ്മൂന്‍ ഹുദവി കോട്ടയം, എ.എം പരീത് കളമശ്ശേരി, കെ.ബി അബ്ദുല്‍ അസീസ് ഇടുക്കി, ബദറുദ്ദീന്‍ അഞ്ചല്‍, എ.കെ ആലിപ്പറമ്പ്, ഇസ്മാഈല്‍ ഹുദവി ചെമ്മാട് ചര്‍ച്ചയില്‍ പങ്കെടുത്തു. യു ശാഫി ഹാജി സ്വാഗതവും സി.ടി അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
ആരാധനാലയങ്ങള്‍
തുറക്കാന്‍ അനുവദിക്കണം
മലപ്പുറം: ഹോട്ട്‌സ്‌പോട്ട് മേഖലകളിലും കണ്ടൈന്‍മെന്റ് സോണുകളിലും ഒഴികെ ടൗണുകളില്ലാത്ത പള്ളികള്‍ നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി വേണമെന്നു സമസ്ത കേരളാ സുന്നീ മഹല്ല് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഇതിനുള്ള അനുമതി കേന്ദ്രത്തില്‍ നിന്നു ലഭ്യമാക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലുകളും തീരുമാനങ്ങളും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."