കുഴല്‍മന്ദത്തെ ലാന്‍ഡ് ട്രിബ്യൂണല്‍ കേന്ദ്രം ഇനി ഒറ്റപ്പാലത്തെ കെട്ടിടത്തിലേക്ക്
കുഴല്‍മന്ദം : ചന്തപ്പുരയിലെ ലാന്‍ഡ് ട്രിബ്യൂണല്‍ രേഖാ സൂക്ഷിപ്പുകേന്ദ്രം ഒറ്റപ്പാലത്തേക്ക് മാറ്റുന്നു. ഭുപരിഷ്‌കരണവുമായി ബന്ധപ്പെട്ട് 1972 മുതല്‍ കുഴല്‍മന്ദത്ത് ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. 1984-ല്‍ ഇത് നിര്‍ത്തലാക്കി ഒറ്റപ്പാലം ട്രിബ്യൂണലിലേക്ക് മാറ്റി.
എന്നാല്‍, അവിടെ രേഖകള്‍ സൂക്ഷിക്കാനുള്ള സ്ഥലപരിമിതിമൂലം ഇവിടെത്തന്നെ പ്രവര്‍ത്തിക്കുകയായിരുന്നു. പട്ടയസംബന്ധമായ കാര്യങ്ങള്‍ക്ക് ഒറ്റപ്പാലം ട്രിബ്യൂണിലിലാണ് പോകേണ്ടത്. പട്ടയപകര്‍പ്പ്, വിധിപകര്‍പ്പ് തുടങ്ങിയ രേഖകള്‍ കുഴല്‍മന്ദത്താണ് സൂക്ഷിച്ചിരിക്കുന്നത്.
എല്ലാ വെള്ളിയാഴ്ചയും ഒറ്റപ്പാലത്തുനിന്ന് ജീവനക്കാരനെത്തി രേഖകള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതാണ് പതിവ്. വാളയാര്‍, കഞ്ചിക്കോട്, പുതുശ്ശേരി, കണ്ണാടി, കുഴല്‍മന്ദം, തേങ്കുറിശ്ശി, മാത്തൂര്‍, എരിമയൂര്‍, കുത്തനൂര്‍, പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി, തരൂര്‍, കാവശ്ശേരി, വടക്കഞ്ചേരി, കിഴക്കഞ്ചേരി , കണ്ണമ്പ്ര, പുതുക്കോട്, മേലാര്‍കോട്, വണ്ടാഴി, ആലത്തൂര്‍ പ്രദേശത്തുകാരുടെ രേഖകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന വാടകക്കെട്ടിടത്തിലാണ് രേഖാ സൂക്ഷിപ്പു കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഓടുമേഞ്ഞ പഴയ കെട്ടിടത്തില്‍ രേഖകള്‍ സുരക്ഷിതമല്ല.
രേഖ സൂക്ഷിപ്പു കേന്ദ്രം ഒറ്റപ്പാലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികാരികള്‍. ഇതോടെ രേഖകള്‍ക്കായി ഒറ്റപ്പാലത്തേക്ക് പോകേണ്ടിവരുന്നത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകും. കുഴല്‍മന്ദം - ഒന്ന് വില്ലേജ് ഓഫീസിന് സമീപത്തെ കെട്ടിടത്തിലേക്കോ ചന്തപ്പുരയിലെ പഞ്ചായത്ത് കെട്ടിടത്തിലേക്കോ ജനങ്ങള്‍ക്ക് സൗകര്യപ്രദമായി രേഖാ സൂക്ഷിപ്പു കേന്ദ്രം മാറ്റിസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് എസ്. അരുണ്‍കുമാര്‍ ഇത് സംബന്ധിച്ച് കളക്ടര്‍ക്ക് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."