വകുപ്പുകള്‍ തമ്മില്‍ പോര്; കാരുണ്യ ചികിത്സാ പദ്ധതിക്ക് നാളെ പൂട്ടുവീഴും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാവപ്പെട്ട രോഗികളെ പെരുവഴിയിലാക്കി കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി നിര്‍ത്തുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് ഉപയോഗിച്ചുള്ള ചികിത്സാസഹായം നാളെ വരെ മാത്രമേ ഉള്ളൂവെന്ന് ധനവകുപ്പ് ആശുപത്രികളെ അറിയിച്ചു.
ഇതേതുടര്‍ന്ന് പല സ്വകാര്യ ആശുപത്രികളും ഇന്നലെ മുതല്‍ ചികിത്സാസഹായം നിര്‍ത്തി. അടുത്ത മാര്‍ച്ച് 31 വരെ സഹായം നല്‍കുമെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് നേരത്തെ ഉത്തരവിറക്കിയെങ്കിലും വ്യക്തതവരുത്താന്‍ ലോട്ടറി വകുപ്പ് തയാറാകാത്തതിനെ തുടര്‍ന്നാണ് പദ്ധതി അവസാനിക്കുന്നതായി ധനവകുപ്പ് ആശുപത്രികളെ അറിയിച്ചത്. കാരുണ്യപദ്ധതി ആരോഗ്യവകുപ്പിന് കീഴിലേക്ക് മാറ്റിയപ്പോള്‍ ആര്‍ക്കൊക്കെ ധനസഹായം നല്‍കണമെന്നത് സംബന്ധിച്ച് ഉത്തരവില്‍ വ്യക്തതവരുത്തണമെന്ന് ആവശ്യപ്പെട്ട് കാരുണ്യ ബെനവലന്റ് ഫണ്ട് അഡ്മിനിസ്‌ട്രേറ്റര്‍ ആരോഗ്യവകുപ്പിനെ നിരവധിതവണ സമീപിച്ചിട്ടും മറുപടി നല്‍കിയില്ല.
ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ധനസഹായ അപേക്ഷകള്‍ ഇനി സ്വീകരിക്കില്ലെന്നും പദ്ധതി 31ന് അവസാനിപ്പിക്കാമെന്നും ചൂണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ധനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് ധനവകുപ്പ് പദ്ധതി നിര്‍ത്തുന്നതായി സ്വകാര്യ ആശുപത്രികളെ അറിയിച്ചത്. അതേസമയം, പദ്ധതി അടുത്ത മാര്‍ച്ച് 31 വരെ നീട്ടിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി പറയുന്നു.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ, കാരുണ്യ പ്ലസ് എന്നീ പ്രതിവാര ഭാഗ്യക്കുറികളില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് ചികിത്സാ ധനസഹായം നല്‍കുന്ന പദ്ധതിയാണ് പെരുവഴിയിലായത്. വൃക്കരോഗികള്‍ക്ക് മൂന്നുലക്ഷം വരെയും ഹീമോഫീലിയ രോഗികള്‍ക്ക് പരിധിയില്ലാതെ ആജീവാനന്ത ചികിത്സാ സഹായവും കാന്‍സര്‍ (കീമോ, റേഡിയോ തെറാപ്പി, ശസ്ത്രക്രിയ ഉള്‍പ്പെടെ), ഹൃദയ ശസ്ത്രക്രിയ (സ്റ്റെന്റിന്റെ വില ഉള്‍പ്പെടെ), തലച്ചോര്‍, കരള്‍ ശസ്ത്രക്രിയകള്‍, കരള്‍, ഹൃദയം എന്നിവ മാറ്റിവയ്ക്കല്‍, സാന്ത്വന ചികിത്സ, മാരകമായ ശ്വാസകോശ രോഗങ്ങള്‍, നട്ടെല്ല്, സുഷുമ്‌ന നാഡി എന്നിവയ്ക്കുള്ള ഗുരുതര ക്ഷതങ്ങള്‍ എന്നീ ചികിത്സയ്ക്ക് രണ്ടുലക്ഷം വരെയും സഹായം ലഭിച്ചിരുന്നു. എല്ലാ ബി.പി.എല്‍ കുടുംബങ്ങളും വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ താഴെയുള്ള എ.പി.എല്‍ കുടുംബങ്ങളും ചികിത്സാ സഹായത്തിന് അര്‍ഹരായിരുന്നു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, റീജ്യനല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍, പരിയാരം ഗവ. മെഡിക്കല്‍ കോളജ്, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലും പദ്ധതിപ്രകാരം ചികിത്സ അനുവദിച്ചിരുന്നു. കൂടാതെ 61 സ്വകാര്യ ആശുപത്രികളിലും 28 ഡയാലിസിസ് സെന്ററുകളിലും പദ്ധതിപ്രകാരമുള്ള സഹായം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."