കണ്ണൂര്‍ വിമാനത്താവളം എയ്‌റോ ബ്രിഡ്ജുകള്‍ ഏച്ചൂരിലെത്തി
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത രണ്ട് എയ്‌റോബ്രിഡ്ജുകള്‍ റോഡ് മാര്‍ഗം ഏച്ചൂരിലെത്തിച്ചു. ഗതാഗത തടസം കാരണം കഴിഞ്ഞ രണ്ടുദിവസമായി മാഹി അഴിയൂരില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന എയറോബ്രിഡ്ജുകള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് വീണ്ടും പ്രയാണം തുടങ്ങിയത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ വഴിനീളെ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ ഓരോ സെക്ഷന്‍ പരിധിയിലെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കണ്ടെയ്‌നറിന് കടന്നുപോകാനായി റോഡരികിലെ വന്മരങ്ങളുടെ ചില്ലകളും താഴ്ന്നുകിടക്കുന്ന ഇലക്ട്രിക് ലൈനുകളും കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ നേരത്തെ മുറിച്ചുമാറ്റിയിരുന്നു. എയ്‌റോബ്രിഡ്ജ് കടന്നുപോകുന്ന സ്ഥലത്തെ സ്റ്റേഷന്‍ പരിധിയിലെ പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.
ഏച്ചൂര്‍ കമാല്‍പീടികയിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കണ്ടെയ്‌നറുകള്‍ ഇന്ന് പുലര്‍ച്ചെ ആറിന് എയര്‍പോര്‍ട്ടിലേക്ക് യാത്ര തുടങ്ങും. എയറോബ്രിഡ്ജുകള്‍ 30ന് വിമാനത്താവളത്തില്‍ എത്തിക്കാനാണ് കിയാല്‍ ലക്ഷ്യമിടുന്നത്. കെ.എസ്.ഇ.ബിയുടെയും പൊലിസിന്റെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇതുവരെ വലിയ അപകടങ്ങളില്ലാതെ കണ്ടെയ്‌നറുകള്‍ ഏച്ചൂരിലെത്തിക്കാനായത്.
മാഹിയില്‍ റോഡരികിലെ കൈവരികള്‍ നീക്കം ചെയ്താണ് കണ്ടെയ്‌നറുകള്‍ക്ക് വഴിയൊരുക്കിയത്. ഈ വഴിയിലൂടെ ഒരു കിലോമീറ്റര്‍ മുന്നോട്ടുപോകാന്‍ രണ്ട് മണിക്കൂര്‍ വീതമാണ് സമയമെടുത്തത്. ചിലയിടങ്ങളില്‍ തടസമായി വന്ന വൈദ്യുതി തൂണുകള്‍ ക്രെയിന്‍ ഉപയോഗിച്ച് എടുത്തു മാറ്റി. കഴിഞ്ഞ മെയ് ഏഴിനാണ് എയ്‌റോബ്രിഡ്ജുമായി രണ്ട് കണ്ടെയ്‌നറുകള്‍ ചെന്നൈയില്‍ നിന്ന് പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."