പദ്ധതി നിര്‍വഹണം അടുത്ത സാമ്പത്തികവര്‍ഷം ആരംഭിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള കരട് വികസനരേഖ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതിയോഗം അവലോകനം ചെയ്തു. മാര്‍ച്ച് 5ന് ഉന്നതതല എംപവേര്‍ഡ് കമ്മിറ്റി അംഗീകരിച്ച രേഖയാണ് സമിതി വിലയിരുത്തിയത്.
പുനര്‍നിര്‍മാണ പദ്ധതിയുടെ നിര്‍വഹണം അടുത്ത സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കണമെന്നും ആവശ്യമായ വിഷയങ്ങളില്‍ വിശദമായ പഠനം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദവും ദുരന്തങ്ങളെ അതിജീവിക്കുന്നതുമായ പദ്ധതികളാണ് ലക്ഷ്യമിടേണ്ടത്.
വിവിധ വകുപ്പുകളിലെ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരുടെയും പുറത്തുള്ള വിദഗ്ധരുടെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് പുനര്‍നിര്‍മാണം നടത്താന്‍ ഉദേശിക്കുന്നത്. പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി. വേണുവാണ് കരട് വികസനരേഖ അവതരിപ്പിച്ചത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍, ഡോ. കെ.എം അബ്രഹാം, കെ.എം ചന്ദ്രശേഖരന്‍, ടി.കെ.എ നായര്‍, എം.എ യൂസുഫലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഡോ. മുരളി തുമ്മാരുകുടി വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചയില്‍ പങ്കെടുത്തു. ഉപദേശക സമിതിയുടെ മൂന്നാമത് യോഗമാണ് ഇന്നലെ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."