കണ്ണീര്‍ മായ്ച്ച് യാഥാര്‍ഥ്യമായ കിനാവ്
24ാം മിനുട്ടില്‍ സെയ്ന്റ് ഡെനിസിലെ പുല്‍ത്തകിടിയില്‍ വീണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണ്ണീര്‍ അന്താരാഷ്ട്ര കിരീടമെന്ന കിനാവ് യാഥാര്‍ഥ്യമാക്കി കാലം മായ്ച്ചു. ഇതിഹാസങ്ങളായ യുസേബിയോക്കും ലൂയീസ് ഫിഗോയ്ക്കും സാധ്യമാകാതിരുന്ന കാര്യം ക്രിസ്റ്റ്യാനോ നേടിയെടുത്തു. അല്ലെങ്കില്‍ ക്രിസ്റ്റ്യാനോയ്ക്കു വേണ്ടി ടീമൊന്നടങ്കം അതു സാധ്യമാക്കി. ലയണല്‍ മെസ്സിയെന്ന ക്രിസ്റ്റ്യാനോയുടെ ഫുട്‌ബോള്‍ എതിരാളിക്കു മൂന്നു വട്ടം മിനക്കെട്ടിട്ടും കിട്ടാതിരുന്ന ലോക കിരീടം ക്രിസ്റ്റ്യാനോ സ്വന്തമാക്കുമ്പോള്‍ അതുല്യനായ ആ താരത്തോടു ചരിത്രം നീതി പുലര്‍ത്തുകയായിരുന്നു.
ഫൈനല്‍ പോരാട്ടത്തില്‍ മുന്നില്‍ നിന്നു നയിക്കേണ്ട ക്രിസ്റ്റ്യാനോ തുടക്കത്തില്‍ തന്നെ പരുക്കേറ്റു പുറത്തായത് തിരിച്ചടിയാകുമെന്നു കരുതിയവരെ തെറ്റിക്കുന്നതായിരുന്നു പോര്‍ച്ചുഗലിന്റെ പ്രകടനം. കാരണം അവരത് ആഗ്രഹിച്ചിരുന്നു.
ക്രിസ്റ്റ്യാനോ അതിയായി ആഗ്രഹിച്ചിരുന്നു. കളിക്കാനിറങ്ങാനാവില്ലെന്ന യാഥാര്‍ഥ്യത്തോടു പൊരുത്തപ്പെട്ട പോര്‍ച്ചുഗല്‍ നായകന്‍ മൈതാനത്തിനു പുറത്തു നിന്നു രണ്ടാം പരിശീലകനെന്ന പോലെ തന്റെ സഹ താരങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി നിന്നത് മനോഹര കാഴ്ചയായി മാറി. നിര്‍ദേശങ്ങള്‍ നല്‍കിയും പ്രോത്സാഹിപ്പിച്ചും മറ്റൊരു തരത്തില്‍ അയാള്‍ തന്റെ ടീമിനൊപ്പം കളിക്കുകയായിരുന്നു.
ഫൈനല്‍ വരെയുള്ള പോര്‍ച്ചുഗലിന്റെ വരവില്‍ ക്രിസ്റ്റ്യാനോ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മൂന്നു ഗോളുകള്‍ നേടിയ താരം ടീമിനെ മൊത്തത്തില്‍ പ്രചോദിപ്പിച്ചു. ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല എന്ന സത്യം മറ്റാരേക്കാളും നന്നായി മനസ്സിലാക്കിയാണ് ക്രിസ്റ്റ്യാനോ യൂറോയ്‌ക്കെത്തിയതു തന്നെ.
ക്രിസ്റ്റ്യാനോയിലെ മിന്നും താരത്തെ ശരിക്കും ഉള്‍ക്കൊണ്ട ഒരു പരിശീലകനായിരുന്നു ഫെര്‍ണാണ്ടോ സാന്റോസ്. ഇരുവരും തമ്മിലുള്ള ആത്മബന്ധം ടീമിന്റെ പ്രകടനത്തെ സ്വാധീനിച്ചു. പ്രാഥമിക റൗണ്ടിലെ മൂന്നു മത്സരങ്ങളും സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്ന ഒരു ടീം കപ്പുമായി മടങ്ങിയെങ്കില്‍ അതിനായി അവര്‍ നടത്തിയ ശ്രമങ്ങളെ കാണാതിരുന്നു കൂട. തന്ത്രങ്ങളും ചങ്കുറപ്പും ആവോളം ചേര്‍ത്താണ് പറങ്കിപ്പടയോട്ടം സാധ്യമായിരിക്കുന്നത്.
യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന മിഷേല്‍ പ്ലാറ്റിനിയുടെ ഒന്‍പതു ഗോളുകളുടെ റെക്കോര്‍ഡിനൊപ്പവും പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരമെന്ന നേട്ടവും ഈ യൂറോയിലാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.
യുസേബിയോക്കും ഫിഗോയ്ക്കും മുകളില്‍ പോര്‍ച്ചുഗലിന്റെ ഇതിഹാസമായി ക്രിസ്റ്റ്യാനോ നില്‍ക്കുന്നു. ആത്മസമര്‍പ്പണവും കഠിനാധ്വാനവും ഇച്ഛാശക്തിയുമുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന പോര്‍ച്ചുഗല്‍ നായകന്‍. ആ കൈകളിലേക്ക് യൂറോയുടെ ട്രോഫി ചേരുമ്പോള്‍ അതിനൊരു പൂര്‍ണതയും കൈവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."