ദുരിതത്തിലായ മലയാളികളടക്കമുള്ള ഒന്‍പത് ഇന്ത്യക്കാര്‍ നാടണഞ്ഞു
ജിദ്ദ: സ്‌പോണ്‍സറുടെ കുടിലത കാരണം ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തിലായ മലയാളികളടക്കമുള്ള ഒമ്പതു ഇന്ത്യക്കാര്‍ സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ നഷ്ടസ്വപ്‌നങ്ങളുമായി നാടണഞ്ഞു.
റിയാദിലെ ഒരു കോഫി ഷോപ്പിലെ ഇന്ത്യക്കാരായ ഒന്‍പതു ജീവനക്കാര്‍ക്കാണ് ദുരിതമനുഭവിക്കേണ്ടി വന്നത്. സഊദി പൗരന്മാര്‍ സ്ഥിരമായി ഹുക്ക വലിക്കാനും ഖാവ കുടിക്കാനുമായി എത്തുന്ന ഈ സ്ഥാപനത്തിന്റ ചുമതല കൊല്ലം സ്വദേശിയായ മലയാളിയുടേതായിരുന്നു. പെട്ടെന്നൊരു ദിവസം ചില സാമ്പത്തിക വിഷയവുമായി സ്‌പോണ്‍സറും മാനേജരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിറ്റേ ദിവസം മാനേജര്‍ സ്‌പോണ്‍സര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് റിയാദിലെ മലാസ് ജയിലിലായി.
തുടര്‍ന്ന് ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കു ശമ്പളം കൊടുക്കാതായി. ആറു മാസങ്ങള്‍ക്കു ശേഷം എല്ലാവരുടെയും ഇഖാമ തീര്‍ന്നു. പലവട്ടം തൊഴിലാളികള്‍ ആവിശ്യപ്പെട്ടിട്ടും സ്‌പോണ്‍സര്‍ ഒമ്പത് തൊഴിലാളികളുടെയും ഇഖാമ പുതുക്കി നല്‍കാന്‍ തയ്യാറായില്ല. എട്ടുമാസത്തെ ശമ്പളവും ഭക്ഷണവും ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ജീവിതം നരകതുല്യമായപ്പോള്‍ ഇവര്‍ സഹായം തേടി ഇന്ത്യന്‍ എംബസിയിലെത്തുകയായിരുന്നു.
ഇവരുടെ പരാതി സ്വീകരിച്ച എംബസി ഉദ്യോഗസ്ഥര്‍ സ്‌പോണ്‍സറുമായി പലതവണ വിഷയം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സ്‌പോണ്‍സര്‍ സഹകരിക്കാന്‍ തയാറായില്ല.
സാമൂഹിക പ്രവര്‍ത്തകരായ എംബസി ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡന്റ് അയൂബ് കരൂപ്പടന്നയും ജയന്‍ കൊടുങ്ങല്ലൂരും സ്‌പോണ്‍സറുമായി നിരന്തരം ചര്‍ച്ച നടത്തി. പക്ഷേ ഫലം കണ്ടില്ല. തുടര്‍ന്ന സാമൂഹിക പ്രവര്‍ത്തകര്‍ നിയമപരമായ നടപടിയിലേക്കു നീങ്ങി. ഇന്ത്യന്‍ എംബസിയുടെ സഹായവും അസീസിയ പൊലിസ് സ്‌റ്റേഷനില്‍ നിന്നുമുള്ള സഹായവും കൂടി ലഭിച്ചപ്പോള്‍ ലേബര്‍ കോടതിയിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാധിച്ചു.
തുടര്‍ന്ന് ലേബര്‍ കോടതിയില്‍ നിന്ന് കടുത്ത നടപടികള്‍ ഉണ്ടായ സഹാചര്യത്തില്‍ സ്‌പോണ്‍സര്‍ സാമൂഹിക പ്രവര്‍ത്തകരുമായി ഒത്തുതീര്‍പ്പിനു തയാറാകുകയും ജോലി ചെയ്ത നാളിലെ ശമ്പളവും ഫൈനല്‍ എക്‌സിറ്റ് അടിച്ച് എല്ലാ തൊഴിലാളികളെയും നാട്ടിലേക്ക് അയക്കുന്നതിന് സാഹചര്യം ഒരുക്കുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."