ഭേദഗതിക്കായി ഓര്‍ഡിനന്‍സ് ഇറക്കും
തിരുവനന്തപുരം: 2017ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍ ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ മന്ത്രിസഭാ തീരുമാനം ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും.
കമ്മിഷന്‍ അനുമതി നല്‍കിയാല്‍ ഗവര്‍ണര്‍ക്ക് അയച്ച് ഓര്‍ഡിനന്‍സ് ഇറക്കും. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടുന്നതോടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശന മേല്‍നോട്ട സമിതിയുടെ അംഗസംഖ്യ ആറായി ചുരുങ്ങും. ഫീസ് നിര്‍ണയ സമിതിയുടെ അംഗസംഖ്യ പത്തില്‍ നിന്ന് അഞ്ചാകും. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ വിഷയം അജന്‍ഡക്ക് പുറത്തുള്ള ഇനമായി എത്തിയെങ്കിലും പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് അടുത്ത മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ ഫയല്‍ എത്തിയത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സമിതി അംഗങ്ങളുടെ എണ്ണം കുറയ്ക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിക്കുമെന്നാണ് സൂചന. സമിതി പുനഃസംഘടിപ്പിച്ചാല്‍ മാത്രമേ ഹൈക്കോടതി റദ്ദാക്കിയ കഴിഞ്ഞവര്‍ഷത്തെ ഫീസ് നിര്‍ണയം പുനര്‍നിര്‍ണയം നടത്താനാകൂ. അടുത്ത അധ്യയനവര്‍ഷത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തുടങ്ങേണ്ടതുണ്ട്. ജസ്റ്റിസ് രാജേന്ദ്രേ ബാബു അധ്യക്ഷനായ നിലവിലുള്ള ഫീസ് നിര്‍ണയ സമിതിയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കാത്ത യോഗമാണ് ഫീസ് നിര്‍ണയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഹൈക്കോടതി റദ്ദാക്കിയത്. പത്തംഗ സമിതിയിലെ അഞ്ചംഗങ്ങള്‍ മാത്രമായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.
വിരമിച്ച സുപ്രിംകോടതിഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഫീസ് നിര്‍ണയ സമിതിയില്‍ ആരോഗ്യ സെക്രട്ടറി, മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി, ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവരും സമിതി തെരഞ്ഞെടുക്കുന്ന ഒരാളെയുമാണ് നിയമ ഭേദഗതിയിലൂടെ അംഗങ്ങളായി കൊണ്ടുവരുന്നത്. പ്രവേശന മേല്‍നോട്ടസമിതിയുടെയും അധ്യക്ഷന്‍ വിരമിച്ച സുപ്രിംകോടതിഹൈക്കോടതി ജഡ്ജി ആയിരിക്കും. ആരോഗ്യ സെക്രട്ടറി, നിയമസെക്രട്ടറി, മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി, പ്രവേശന പരീക്ഷാ കമ്മിഷനര്‍, പട്ടിക ജാതി, വര്‍ഗ വിഭാഗത്തില്‍നിന്നുള്ള പ്രതിനിധി എന്നിവരെയാണ് ഇതില്‍ അംഗങ്ങളായി നിര്‍ദേശിച്ചത്. അംഗസംഖ്യ കുറയുമെങ്കിലും നിലവില്‍ ചെയര്‍മാനായ ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു തന്നെയാകും സമിതി അധ്യക്ഷനായി തുടരുക.
2017- 18 വര്‍ഷം 4.6 ലക്ഷം മുതല്‍ 5.66 ലക്ഷം രൂപ വരെയായിരുന്നു വിവിധ കോളജുകളിലേക്ക് ഫീസ് നിശ്ചയിച്ച് നല്‍കിയിരുന്നത്. 2017- 18ലെ ഫീസില്‍ പത്ത് ശതമാനം വരെ വര്‍ധന അനുവദിച്ചായിരുന്നു 2018- 19 വര്‍ഷത്തെ ഫീസ് അനുവദിച്ചത്. ഇത് കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."