ഇനി തുള്ളിമരുന്നില്ല; പോളിയോ തുടച്ചുനീക്കി കേരളം
തിരുവനന്തപുരം: പോളിയോ പൂര്‍ണമായും തുടച്ചുനീക്കി ആരോഗ്യരംഗത്ത് ഒരു ചുവടുവയ്പ് കൂടി നടത്തി കേരളം. ഇരുപത് വര്‍ഷത്തിനിടെ പോളിയോ രോഗലക്ഷണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ തുള്ളിമരുന്ന് വിതരണം നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പെടുന്ന സ്റ്റേറ്റ് ടെക്സ്റ്റിക്കല്‍ അഡ്വസൈറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്റെ നിര്‍ദേശ പ്രകാരമാണിത്. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലെ കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ച് രോഗത്തിനെതിരേയുള്ള പ്രചാരണങ്ങള്‍ പഴയത് പോലെ തന്നെ തുടരും.
2000ത്തില്‍ മലപ്പുറത്ത് ഒരാളില്‍ പോളിയോ ബാധ കണ്ടെത്തിയതിനു ശേഷം കേരളത്തില്‍ ഇതുവരെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 14 വര്‍ഷത്തോളം പോളിയോ രോഗബാധയൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ 2014ല്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പോളിയോ മുക്തമായി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗം വീണ്ടും കണ്ടെത്തിയതിനെ തുടര്‍ന്ന് തുള്ളി മരുന്ന് വിതരണം തുടരുകയായിരുന്നു.
1995 മുതലാണ് സംസ്ഥാനത്ത് പോളിയോ തുള്ളി മരുന്ന് വിതരണം തുടങ്ങിയത്. വര്‍ഷം തോറും രണ്ട് ഘട്ടങ്ങളിലായിരുന്നു മരുന്ന് വിതരണം. ഇതാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."