സുഗന്ധവ്യഞ്ജന കയറ്റുമതി വളര്‍ച്ചയില്‍ സര്‍വകാല റെക്കോര്‍ഡ്
കൊച്ചി:രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചു. 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ എട്ടു ശതമാനമാണ് കയറ്റുമതി വര്‍ധന.
17,929.55 കോടി രൂപ വിലവരുന്ന 10,28,060 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്തു നിന്നും കയറ്റുമതി ചെയ്തത്. 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ 17,664.61 കോടി രൂപ വിലവരുന്ന 9,47,790 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്തത്.
പുതിയ കണക്കു പ്രകാരം കയറ്റുമതി മൂല്യം രൂപ നിരക്കില്‍ ഒരു ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. 2017-18 ല്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ ലഭിച്ച ഡോളര്‍ വരുമാനം 2,781.46 ദശലക്ഷമാണ്. 2016-17 സാമ്പത്തിക വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം വര്‍ധനയാണ് ഡോളര്‍ വരുമാനത്തില്‍ നേടിയത്.
ഏലം, ജീരകം, വെളുത്തുള്ളി, കായം, പുളി എന്നീ വ്യഞ്ജനങ്ങളും അയമോദകം, കടുക്, ദില്‍ വിത്ത്, പോപ്പി വിത്ത് എന്നീ വിത്തിനങ്ങളും അളവിലും മൂല്യത്തിലും വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 609.08 കോടി രൂപ വിലവരുന്ന 5,680 ടണ്‍ ഏലമാണ് കയറ്റുമതി ചെയ്തത്.
2016-17 ല്‍ ഇത് 421.50 കോടി രൂപ വിലവരുന്ന 3,850 ടണ്ണായിരുന്നു. അളവില്‍ 48 ശതമാനത്തിന്റെയും മൂല്യത്തില്‍ 45 ശതമാനത്തിന്റെയും വളര്‍ച്ചയാണുണ്ടായത്. ഇന്ത്യയില്‍നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനമെന്ന ഖ്യാതി മുളക് നിലനിറുത്തി. 4,256.33 കോടി രൂപ വിലവരുന്ന 4,43,900 ടണ്‍ മുളകാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി ചെയ്തത്.
2016-17 ല്‍ 5,070.75 കോടി രൂപ വിലവരുന്ന 4,00,250 ടണ്‍ മുളകാണ് കയറ്റുമതി ചെയ്തത്. അന്താരാഷ്ട്ര വിപണിയില്‍ മുളകിന്റെ വിലയിലുണ്ടായ ചാഞ്ചാട്ടമാണ് 2017-18 ല്‍ വില കുറയാന്‍ കാരണം.2017-18 സാമ്പത്തിക വര്‍ഷത്തില്‍ സുഗന്ധവ്യഞ്ജന എണ്ണ, സത്ത് എന്നിവയുടെ കയറ്റുമതി അളവില്‍ 42 ശതമാനവും മൂല്യത്തില്‍ 15 ശതമാനവും വര്‍ധന രേഖപ്പെടുത്തി. 2,661.72 കോടി രൂപ വില വരുന്ന 17,200 ടണ്‍ സുഗന്ധവ്യഞ്ജന എണ്ണ സത്ത് എന്നിവ കയറ്റുമതി ചെയ്തിട്ടുണ്ട്. 201617 ല്‍ ഇത് യഥാക്രമം 2,307.75 കോടി രൂപയും 12,100 ടണ്ണുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."