വിദ്യാര്‍ഥികളെയും യുവാക്കളെയും വലവീശി കഞ്ചാവ് മാഫിയ
തൊടുപുഴ: വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഹൈറേഞ്ചിലും ലോറേഞ്ചിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തിയാണ് വില്‍പനയും മറ്റു സ്ഥലങ്ങളിലേക്കെത്തിക്കുന്ന ജോലികളുമെല്ലാം നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവുമായി ദിവസേനയെന്നോണം വിദ്യാര്‍ഥികളെയും യുവാക്കളെയും പൊലിസ് - എക്‌സൈസ് അധികൃതര്‍ പിടികൂടുന്നുണ്ടെങ്കിലും ഇതിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു ശ്രമവും നടക്കുന്നില്ല.
ഇതിനിടെ തൊടുപുഴയില്‍ നാലു കിലോ കഞ്ചാവു പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പിടിയിലായ പ്രതികള്‍ രാജാക്കാടുനിന്നു കഞ്ചാവ് വാങ്ങി തൊടുപുഴയില്‍ വില്‍പന നടത്താനെത്തിച്ചതായാണ് എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. സംഭവവുമായി രാജാക്കാട്, നെടുങ്കണ്ടം മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കഞ്ചാവു ലോബികള്‍ക്കുബന്ധമുള്ളതായാണ് എക്‌െൈസസിനു ലഭിച്ചിരിക്കുന്ന വിവരം. തമിഴ്‌നാട്ടില്‍നിന്നുള്ള സമാന്തര പാതകളിലൂടെ എത്തിച്ച കഞ്ചാവ് അതിര്‍ത്തി മേഖലകളില്‍ വന്‍ തോതില്‍ സൂക്ഷിച്ചിരിക്കുന്നതായി എക്‌സൈസ് ഇന്റലിജന്‍സിനു റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
നെടുങ്കണ്ടം, തൂക്കുപാലം, കമ്പംമെട്ട് കേന്ദ്രീകരിച്ചു സമാന്തര പാതകളിലൂടെ കഞ്ചാവു കടത്തുന്ന വന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.ഇവരെക്കുറിച്ചുള്ള അന്വേഷണം എക്‌സൈസ് നാര്‍ക്കോട്ടിക്‌സ് വിഭാഗവും എക്‌സൈസ് ഇന്റലിജന്‍സും ശക്തമാക്കി. സമീപകാലത്ത് സമാന്തരപാതയിലൂടെ കടത്തിയ കഞ്ചാവ് നെടുങ്കണ്ടം തൂക്കുപാലത്തിനു സമീപത്തെ വീട്ടില്‍നിന്ന് എക്‌സൈസ് നാര്‍ക്കോട്ടിക്‌സ് വിഭാഗം പിടികൂടിയിരുന്നു. ഒരു കിലോയിലധികം കഞ്ചാവാണു പിടിച്ചെടുത്തത്.
ഇതിനു പിന്നാലെയാണു കഴിഞ്ഞദിവസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി വളപ്പില്‍ വില്‍പനയ്‌ക്കെത്തിച്ച നാലു കിലോ കഞ്ചാവ് അടിമാലി നാര്‍ക്കോട്ടിക്‌സ് വിഭാഗവും ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്നു പിടികൂടിയത്.കഞ്ചാവുമായി പിടികൂടുന്ന വിദ്യാര്‍ഥികളില്‍ നിന്നും പലരില്‍ നിന്നും 50 ഗ്രാമില്‍ താഴെ കഞ്ചാവാണ് പൊലിസ് പിടിച്ചെടുക്കുന്നത്. ഇതുകൊണ്ടു തന്നെ പിടികൂടി മണിക്കൂറുകള്‍ക്കകം തന്നെ ഇവര്‍ക്ക് ജാമ്യം ലഭിക്കുകയാണ് പതിവ്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതാര്, എവിടെ നിന്നു ലഭിക്കുന്നു, പ്രധാന കച്ചവടകേന്ദ്രങ്ങള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളിലൊന്നും പൊലിസിനും എക്‌സൈസ് അധികൃതര്‍ക്കും ഇനിയും നിശ്ചയമില്ല.
പിടികൂടുന്ന വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തി പ്രദേശത്ത് കഞ്ചാവ് കച്ചവടം വ്യാപകമാക്കുന്ന മാഫിയകളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടാപ്പകല്‍ പോലും കഞ്ചാവു വില്‍പ്പനയുള്ളതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.നഗരത്തിന്റെ സമീപപ്രദേശങ്ങളിലെ കനാല്‍ റോഡുകളും ചില ഒഴിഞ്ഞ കെട്ടിടങ്ങളും വരെ കഞ്ചാവ് മാഫിയയുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. മൂലമറ്റം ടൗണിലെ പല കേന്ദ്രങ്ങളിലും കഞ്ചാവ് ഇപ്പോള്‍ സുലഭമായിരിക്കുകയാണ്.
ഇവിടെ വില്‍പ്പനക്കാരില്‍ നിരവധി സ്ത്രീകളും ഉള്‍പ്പെട്ടിരിക്കുന്നുവെന്നാണ് വിവരം. പ്രധാന ടൗണ്‍ ആണെങ്കിലും പൊലിസ് സ്‌റ്റേഷന്‍ ആറു കിലോമീറ്റര്‍ അകലെയായത് കഞ്ചാവ് കച്ചവടക്കാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും സഹായകരമാകുന്നുണ്ട്.
മുട്ടത്ത് പൊലിസ് സ്‌റ്റേഷന്‍ നിലവില്‍ വന്നതോടെ കാഞ്ഞാര്‍ പൊലിസിന്റെ ജോലിഭാരം കുറഞ്ഞെങ്കിലും മൂലമറ്റത്ത് പൊലിസിന്റെ കാര്യമായ ഇടപെടലുകളില്ലാത്തത് കഞ്ചാവു മാഫിയക്ക് സഹായകരമാകുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും കഞ്ചാവു വില്‍പ്പനയുമായി രംഗത്തുണ്ട്. വാഹനങ്ങളില്‍ കൊണ്ടുനടന്ന് കഞ്ചാവു വില്‍പ്പന നടത്തുന്നവരും സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."