നെടുമ്പാശ്ശേരിയില്‍ താല്‍ക്കാലിക ഹജ്ജ് കമ്മിറ്റി ഓഫിസ് ഓഗസ്റ്റ് 16ന് തുടങ്ങും
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിലെ താല്‍ക്കാലിക ഹജ്ജ് ക്യാംപില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിന്റെ പ്രവര്‍ത്തനം ഓഗസ്റ്റ് 16ന് ആരംഭിക്കും. ഹജ്ജ് സര്‍വിസുമായി ബന്ധപ്പെട്ട മുഴുവന്‍ ക്രമീകരണങ്ങളും പിന്നീട് ഇവിടെനിന്നായിരിക്കും നിയന്ത്രിക്കുന്നത്.
ഓഗസ്റ്റ് 22നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ വിമാനം യാത്രയാകുന്നത്. വിമാനത്താവളത്തോടു ചേര്‍ന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലാണ് ഈ വര്‍ഷവും താല്‍ക്കാലിക ഹജ്ജ് ക്യാംപ്.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നതു കണക്കിലെടുത്തു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.ഭക്ഷണശാല, വിശ്രമസ്ഥലം, നിസ്‌കാര സൗകര്യം, ശൗചാലയം എന്നിവിടങ്ങളില്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നുണ്ട്. ക്യാംപിന്റെ ചുമതലയുള്ള സിയാല്‍ എക്‌സി. ഡയറക്ടര്‍ എ.എം ഷബീറിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
ഹജ്ജ് കമ്മിറ്റി സെക്രട്ടറി ഇ.സി മുഹമ്മദ്, ഹജ്ജ് സെല്‍ സ്‌പെഷല്‍ ഓഫിസര്‍ കോഴിക്കോട് സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി യു. അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ ക്യാംപ് സൈറ്റ് സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. നെടുമ്പാശ്ശേരിയില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് സര്‍വിസിന് അനുമതി ലഭിച്ച സഊദി എയര്‍ലൈന്‍സിന്റെ പ്രതിനിധികളും ഇവരോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."