ദിലീപിനെ'അമ്മ'യില്‍ തിരിച്ചെടുത്തത് തെറ്റ്: സി.പി.എം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അകപ്പെട്ട ഇടതുപക്ഷ ജനപ്രതിനിധികളെ സംരക്ഷിച്ചും ദിലീപിനെ തിരിച്ചെടുത്ത നടപടിയെ അപലപിച്ചും സി.പി.എം.
ഇന്നലെ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് എം.എല്‍.എമാരായ മുകേഷിനും ഗണേഷ്‌കുമാറിനും എം.പി ഇന്നസെന്റിനും സംരക്ഷണ കവചമൊരുക്കിയത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം അവതരിപ്പിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അമ്മയെന്ന സ്വകാര്യ സംഘടനയുടെ ആഭ്യന്തരകാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നും ഇടത് അനുഭാവികളായ ജനപ്രതിനിധികളല്ല ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും ഇവര്‍ക്കെതിരേ ഉണ്ടാകുന്നത് രാഷ്ട്രീയ ആക്രമണമാണെന്നും പറഞ്ഞു.
അമ്മ വിവാദത്തില്‍ തുടര്‍ ചര്‍ച്ച വേണ്ടെന്നും വിശദമായി പത്രക്കുറിപ്പ് ഇറക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പത്രക്കുറിപ്പ് ഇറക്കി.
അമ്മ സ്ത്രീവിരുദ്ധ പക്ഷത്ത് നില്‍ക്കുന്നുവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു.
വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തല്‍പ്പരകക്ഷികള്‍ നടത്തുന്ന പ്രചാരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണ്.
അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിഞ്ഞ് ആക്ഷേപിക്കുന്നതും ദുരുദ്ദേശ്യപരമാണ്. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ നിറം നോക്കിയല്ല, ആ സംഘടനയോട് പ്രതികരിക്കേണ്ടത്. ഏത് മേഖലയിലായാലും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനവും അര്‍ഹമായ പങ്കും ലഭിക്കണമെന്നതാണ് ഇടതുപക്ഷ നിലപാട്.
ഈ നിലപാടുതന്നെയാണ് സര്‍ക്കാരും കൈക്കൊണ്ടത്. ഏറ്റവും ഹീനമായ ഒരു അക്രമസംഭവത്തിന് ഇരയായ യുവനടിയെ മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഈ സാമൂഹ്യബോധം അമ്മ ഉള്‍ക്കൊള്ളാന്‍ തയാറാകുമെന്ന് കരുതുന്നതായും സി.പി.എം സെക്രട്ടേറിയറ്റ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."