തര്‍ക്കവും കേസും തീര്‍ന്നു; മണല്‍ ശുദ്ധീകരണ വിതരണ പദ്ധതി പുനരാരംഭിക്കുന്നു
പൊന്നാനി: തര്‍ക്കങ്ങളും കേസും ഇല്ലാതായതോടെ പൊന്നാനിയിലെ മണല്‍ ശുദ്ധീകരണ പദ്ധതിക്ക് വീണ്ടും തുടക്കമാവുന്നു. ഈ മാസം അവസാനത്തോടെ മണല്‍ ശുദ്ധീകരണ പദ്ധതിക്ക് തുടക്കമാവുമെന്ന് നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി പറഞ്ഞു.
തുറമുഖ വകുപ്പിന് കീഴില്‍ ആരംഭിക്കാനിരുന്ന ന്ന കടല്‍മണല്‍ ശുദ്ധീകരണ വിതരണ പദ്ധതിക്കെതിരേ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിച്ചതോടെയാണ് പദ്ധതി മാസങ്ങള്‍ക്ക് മുമ്പ് അനിശ്ചിതത്വത്തിലായത്. പൊന്നാനി നഗരസഭാ ഭരണകക്ഷിയിലെ ചേരിപ്പോരായിരുന്നു കാരണം. ഭരണകക്ഷിയില്‍പെട്ട ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് പദ്ധതി അട്ടിമറിക്കപ്പെട്ടത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് സി പി ഐ, സി പി എം പോര് പരിഹരിക്കുകയും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. ഇതോടെയാണ് നഗരസഭക്ക് മണല്‍ശുദ്ധീകരണ പദ്ധതി വീണ്ടും തുടങ്ങാനായത്.
പദ്ധതിക്കെതിരേ പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നേരത്തേ പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ മണലെടുപ്പ് ചുമതലയുള്ള തുറമുഖ വകുപ്പിന് പാരിസ്ഥിതിക അംഗീകാരമുള്ളതിനാല്‍ കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ ഉത്തരവ് മറികടക്കാനായി . മണല്‍ ഖനനം ചെയ്യാന്‍ കരാര്‍ എടുത്ത കമ്പനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. തുറമുഖ വകുപ്പിന് കീഴിലുള്ള പൊന്നാനിയിലെ കടവുകളില്‍ നിന്നാണ് മണലെടുപ്പ് പുനരാരംഭിക്കുന്നത്. പൊന്നാനി നഗരസഭ , പുറത്തൂര്‍ പഞ്ഞായത്ത് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന തുറമുഖ വകുപ്പിന്റെ കടവുകളില്‍ നിന്നാണ് മണലെടുപ്പ് പുനരാരംഭിക്കുക. വര്‍ഷങ്ങളായി ഇത് മുടങ്ങിക്കിടക്കുകയാണ്. മണലെടുക്കുന്നതിനുള്ള തൊഴിലാളിയുടെ കൂലിയും നഗരസഭയുടെ വിഹിതവും സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ട്.
ശുദ്ധീകരിച്ച ഒരു ടണ്‍ മണലിന് 19,000 രൂപയാണ് വില. ഇതു പ്രകാരം ഒരു ടണ്‍ മണലിന് പന്ത്രണ്ടായിരം രൂപയില്‍ താഴെയാണ് ഉപഭോക്താവിന് വില വരിക .നിലവില്‍ മുപ്പതിനായിരം രൂപ വിലയുണ്ടായിരുന്ന മണലാണ് കുറഞ്ഞ തുകക്ക് ലഭിക്കുന്നത്. ഒരു ടണ്‍ മണലിന്റെ 35 ശതമാനം തുറമുഖ വകുപ്പിന് ലഭിക്കും. ഇതില്‍ 15 ശതമാനം പൊന്നാനി നഗരസഭക്ക് ലഭിക്കും. പൊന്നാനി നഗരസഭക്ക് കിഴിലെ 12 മണല്‍കടവുകളിലായി 440 അംഗീകൃത മണല്‍തൊഴിലാളികള്‍ക്കാണ് ഇതോടെ തൊഴില്‍ ലഭിക്കുക .ഇവര്‍ക്ക് പുറമെ മറ്റു തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയാണ് കടവുകള്‍ പ്രവര്‍ത്തിക്കുക.
പുറത്തൂര്‍ പഞ്ചായത്തിന് കിഴിലെ 8 മണല്‍ കടവുകളിലും അംഗീകൃത മണല്‍ തൊഴിലാളികള്‍ക്കാണ് തൊഴില്‍ ലഭിക്കുക. തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ,മണല്‍ കൊണ്ട് പോകുന്നതിനുള്ള ചെലവ് ,വൈദ്യുതിച്ചെലവ് എന്നിവ തുറമുഖ വകുപ്പില്‍ നിന്ന് മണലെടുക്കുന്ന സ്വകാര്യ കമ്പനി നേരിട്ട് വഹിക്കും. കടവുകളില്‍ നിന്ന് ഖനനം ചെയ്യുന്ന ഉപ്പുമണല്‍ കുറ്റിപ്പുറത്തെ പ്രൊസസിങ്ങ് യൂണിറ്റില്‍ നിന്ന് ശുദ്ധീകരിച്ചാണ് ഉപഭോക്താവിന് നല്‍കുക. തൊഴിലാളിക്ക് കൂലിയിനത്തില്‍ പ്രതിധിനം 565 രൂപ നല്‍കും. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് മണല്‍ വില്‍പ്പന നടത്തുക.
കരിഞ്ചന്തയില്‍ മണല്‍ വില്‍പ്പന തടയാനാണ് ഈ നീക്കം. മണല്‍പാസ് ഹോളോഗ്രാം ചെയ്ത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ചങ്ങരംകുളം മാന്തടത്തുള്ള ഗ്ലോബല്‍ പ്രൊസസിങ്ങ് യൂണിറ്റ് എന്ന സ്വകാര്യ സ്ഥാപനമാണ് ഉപ്പ് മണല്‍ ശുദ്ധീകരിച്ച് വിപണിയില്‍ എത്തിക്കാന്‍ ടെണ്ടര്‍ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തന്നെ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പ്രകൃതി സംരക്ഷകരുടെ കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."