മലക്കംമറിഞ്ഞ് കേന്ദ്രം; പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമല്ല
ന്യൂഡല്‍ഹി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രപരിസരത്തുണ്ടായ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുണ്ടായ അപകടത്തെ തുടര്‍ന്നു സംഭവസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ദേശീയതലത്തില്‍ വലിയ ദുരന്തമാണിതെന്നു പ്രസ്താവിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ബജറ്റ് സമ്മേളന കാലത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി രേഖാമൂലം ഉന്നയിച്ച ചോദ്യത്തിന് ഇന്നലെ നല്‍കിയ മറുപടിയില്‍, വെടിക്കെട്ടപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കിയത്.
അപകടത്തില്‍ 108 പേര്‍ മരിക്കുകയും മുന്നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിഷയം ആഭ്യന്തരമന്ത്രാലയം വ്യക്തമായി പരിശോധിച്ചു. എന്നാല്‍, ധനകാര്യ കമ്മിഷന്റെ ചട്ടപ്രകാരവും ദേശീയ ദുരന്തനിവാരണ ഫണ്ടില്‍നിന്നു പണമനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളനുസരിച്ചും ഇതു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യരുടെ കൈപ്പിഴ കൊണ്ടുണ്ടായ അപകടമെന്നാണ് മന്ത്രാലയം ചട്ടങ്ങള്‍ വിശദീകരിച്ചു വെടിക്കെട്ടപകടത്തെ വിലയിരുത്തിയത്.
തീ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ തീര്‍ച്ചയായും പ്രകൃതിദുരന്തമാണ്. എന്നാല്‍, വെടിക്കെട്ടപകടം പൂര്‍ണമായും മനുഷ്യരുടെ കൈപ്പിഴയോ ശ്രദ്ധക്കുറവോ കൊണ്ടുണ്ടാകുന്നതാണ്. അപകടം സംസ്ഥാനത്ത് അന്വേഷണത്തിലിരിക്കുന്ന ഒരു സംഭവംകൂടിയാണ്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന, ദേശീയ ദുരന്തനിവാരണ (എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.ഫ്) ഫണ്ടുകളുടെ ചട്ടപ്രകാരം മാത്രമേ ഒരപകടത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയൂവെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
ദുരന്തനിവാരണമെന്നതു പ്രാഥമികമായി സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തത്തിനു കീഴിലുള്ളതാണെന്നും മറുപടിയിലുണ്ട്. ഇതിനായി സംസ്ഥാനം സ്വന്തമായി തുക വകയിരുത്തി ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരണം ഉറപ്പുനല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."