ബലാബലത്തില്‍ ബെല്‍ജിയം
കലിനിന്‍ഗ്രാഡ്: ഗ്രൂപ്പ് എച്ചിലെ ഇംഗ്ലണ്ട് - ബെല്‍ജിയം, പാനമ - തുനീഷ്യ മത്സരങ്ങളോടെ ഗ്രൂപ്പ്ഘട്ട പോരാട്ടങ്ങള്‍ അവസാനിച്ചു. അവസാന മത്സരത്തില്‍ ബെല്‍ജിയം എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ടിനെയും തുനീഷ്യ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പാനമയെയും പരാജയപ്പെടുത്തി. 51ാം മിനുട്ടില്‍ അദ്‌നാന്‍ ജനുസാജാണ് ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ ഒന്നാംസ്ഥാനക്കാരായ ബെല്‍ജിയത്തിന് ജൂലൈ രണ്ടിന് നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനാണ് എതിരാളികള്‍. തോറ്റെങ്കലും രണ്ടാമതുള്ള ഇംഗ്ലണ്ട് ജൂലൈ മൂന്നിനുള്ള അവസാന പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയെ നേരിടും.
ആദ്യ രണ്ട് മത്സരങ്ങളില്‍നിന്ന് തന്നെ ഗ്രൂപ്പ് എച്ചില്‍നിന്ന് പ്രീ ക്വാര്‍ട്ടറില്‍ കടന്നതിനാല്‍ ഇരു ടീമുകളും മുന്‍നിര താരങ്ങളെ പുറത്തിരുത്തിയാണ് കളത്തിലിറങ്ങിയത്. ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇഷ്ടതാരങ്ങളെല്ലാം പുറത്തിരുന്നത് കാണികളുടെ ആവേശം കുറച്ചു. 3-1-4-2 എന്ന ഫോര്‍മേഷനിലാണ് ഇംഗ്ലണ്ട് കളിച്ചത്. ഹാരി കെയ്‌നിന് പകരം ജയ്മി വാര്‍ഡിയും സ്റ്റെര്‍ലിങ്ങിന് പകരം റാഷ്‌ഫോര്‍ഡും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. മധ്യനിരയില്‍ ലിന്‍ഗാര്‍ഡിനെ പുറത്തിരുത്തി റോസിന് സ്ഥാനം നല്‍കി. ബെല്‍ജിയവും പുതുമുഖ താരങ്ങളെ പരീക്ഷിച്ചു. സൂപ്പര്‍ താരങ്ങളായ കെവിന്‍ ഡിബ്രുയ്‌നും ഹസാര്‍ഡും ലുക്കാക്കുവും മെര്‍ട്ടനസും ബെഞ്ചിലിരുന്ന് കളി കണ്ടു. ആദ്യം മുതലേ അക്രമിച്ച് കളിച്ച ബെല്‍ജിയം ഇംഗ്ലണ്ട് പ്രതിരോധത്തിന് വലിയ തലവേദനയുണ്ടാക്കി. പന്തടക്കത്തിലും ഗോള്‍ ഷോട്ടുതിര്‍ത്തതിലും ബെല്‍ജിയം തന്നെ മുന്‍പിട്ടു നിന്നു. അദ്‌നാന്‍ ജനുസാജ് ആണ് ബെല്‍ജിയത്തിന്റെ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നത്. 51ാം മിനുട്ടില്‍ പന്തുമായി ഇടതു ബോക്‌സിലേക്ക് ഓടിക്കയറിയ ജനുസാജ് ഇംഗ്ലണ്ട് ഡിഫന്‍ഡറെ കബളിപ്പിച്ച് ഒരു മനോഹരമായ കര്‍വിങ് ഷോട്ടിലൂടെ പന്ത് വലയിലാക്കി. 65ാം മിനുട്ടില്‍ ലഭിച്ച ഒരു സുവര്‍ണാവരം റാഷ്‌ഫോര്‍ഡ് പുറത്തേക്ക് അടിച്ചു കളഞ്ഞത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.
പാനമക്കെതിരായ അവസാന മത്സരത്തില്‍ വിജയം നേടിയാണ് തുനീഷ്യ റഷ്യന്‍ ലോകകപ്പില്‍നിന്ന് മടങ്ങിയത്. 33ാം മിനുട്ടില്‍ യാസീന്‍ മെരിഹയുടെ സെല്‍ഫ് ഗോളില്‍ മുന്‍പില്‍ കടന്ന പാനമയെ 51 മിനുട്ടില്‍ ഫക്‌റുദ്ധീന്‍ ബെന്‍ യൂസഫും 66ാം മിനുട്ടില്‍ വഹ്ബി കസ്‌രിയും നേടിയ ഗോളില്‍ തുനീഷ്യ പരാജയപ്പെടുത്തി. രണ്ട് മത്സരങ്ങള്‍ തോറ്റ തുനീഷ്യയും മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട പാനമയും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. വഹ്ബി കസ്‌രിയുടെ മികച്ച പ്രകടനമാണ് തുനീഷ്യയെ വിജയത്തിലേക്ക് നയിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റുമായി കസ്‌രി കളംനിറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."