റിലയന്‍സ് ഒ.എഫ്.സി കേബിള്‍ സ്ഥാപിക്കല്‍ ലഭിക്കേണ്ടത് മൂന്നുകോടി, കരാര്‍ ഒപ്പിട്ടത് 68.47 ലക്ഷത്തിന്
നിലമ്പൂര്‍: നഗരസഭയ്ക്ക് ലഭിക്കേണ്ട മൂന്നു കോടി രൂപ നഷ്ടപ്പെടുത്തിയാണ് 68.47 ലക്ഷം രൂപയ്ക്ക് റിലയന്‍സ് ജിയോ ഒപ്ടിക് ഫൈബര്‍ കേബിള്‍ നഗരസസഭാ പരിധിയില്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയത്. പ്രവൃത്തി തടഞ്ഞതോടെയാണ് കോടികളുടെ നഷ്ടം പുറംലോകമറിയുന്നത്. കൗണ്‍സില്‍ യോഗത്തിലെ പ്രഖ്യാപനം കാറ്റില്‍പ്പറത്തി ഒരു വര്‍ഷം കഴിഞ്ഞ് കരാര്‍ ഒപ്പിട്ടത് 68,47500 രൂപക്ക്. രണ്ടേകാല്‍കോടി രൂപയോളം നഗരസഭക്ക് വരുമാനനഷ്ടമുണ്ടാക്കിയ റിലയന്‍സുമായുള്ള കരാര്‍ ഒപ്പിട്ടത് നഗരസഭ കൗണ്‍സില്‍പോലും അറിയാതെയാണ്.
പ്രവൃത്തി അനുമതിയില്ലാതെ റോഡ് വെട്ടിക്കീറി റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നത് സി.പി.ഐ, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞതോടെയാണ് ഈ പകല്‍കൊള്ള പുറത്തായത്. യു.ഡി.എഫ് ഭരണസമിതിയിലെ കോണ്‍ഗ്രസിന്റെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥാണ് കേബിള്‍ സ്ഥാപിക്കുന്നതിന് കട്ടിങ് ഫീസും ലൈസന്‍സും തറവാടകയുമടക്കം മൂന്നു കോടി രൂപ നഗരസഭക്കു ലഭിക്കുമെന്ന് 2016 മാര്‍ച്ച് മൂന്നിലെ കൗണ്‍സില്‍ യോഗത്തെ അറിയിച്ചത്. ചാലക്കുടി നഗരസഭ കേബിള്‍ സ്ഥാപിക്കാന്‍ മീറ്ററിന് 750 രൂപ തറവാടക ഈടാക്കിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് അധികൃതരുമായി ചര്‍ച്ച നടത്താന്‍ ചെയര്‍പേഴ്‌സണെയും സെക്രട്ടറിയെയും കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.
നിലമ്പൂര്‍ നഗരസഭയിലെ 11 റോഡുകളിലൂടെ 13കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍ സ്ഥാപിക്കാനാണ് റിലയന്‍സ് അനുമതി തേടിയത്. മീറ്ററിന് 500 രൂപ ഊടാക്കിയാല്‍പോലും നഗരസഭക്ക് രണ്ടേകാല്‍കോടി രൂപ വരുമാനം ലഭിക്കുമായിരുന്നു. റിലയന്‍സുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ചയിലെ വിവരങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ വെക്കാതെ മാര്‍ച്ച് ഒമ്പതിന് നഗരസഭ ചെയര്‍പേഴ്‌സണിന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് 6847500 രൂപ ഈടാക്കി കേബിള്‍ സ്ഥാപിക്കാന്‍ റോഡ് മുറിക്കാന്‍ നഗരസഭാ സെക്രട്ടറി റിലയന്‍സിന് അനുമതി നല്‍കിയത്. റോഡ് മുറിക്കുന്നത് സംബന്ധിച്ച് വിശദവിവരങ്ങള്‍ നഗരസഭ എന്‍ജിനീയറെ അറിയിച്ച് അനുമതി വാങ്ങിക്കണമെന്ന നിര്‍ദേശവും പാലിക്കാതെയാണ് റിലയന്‍സ് റോഡ് വെട്ടിക്കീറിയത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ മുന്‍കൂര്‍ അനുമതി നല്‍കിയാല്‍ അടുത്ത സാധാരണ കൗണ്‍സില്‍യോഗത്തില്‍ ഇക്കാര്യത്തില്‍ അംഗീകാരം വാങ്ങണമെന്നാണ് മുനിസിപ്പല്‍ ചട്ടം. എന്നാല്‍ റിലയന്‍സിന് അനുമതി നല്‍കി ആറു കൗണ്‍സില്‍ യോഗങ്ങള്‍ നടന്നെങ്കിലും അനുമതി വാങ്ങിയില്ല. ചക്കാലക്കുത്ത്- റെയില്‍വേ സ്റ്റേഷന്‍ റോഡ് വെട്ടിക്കീറി റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നത് സി.പി.ഐ കൗണ്‍സിലര്‍ പി.എം ബഷീര്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഡെയ്‌സി ചാക്കോ, സ്വതന്ത്ര കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞതോടെയാണ് കള്ളക്കളി പുറത്തായത്. അനുമതിയില്ലാതെ റോഡില്‍ കിടങ്ങുകീറിയതിന് റിലയന്‍സിനെതിരെ കൗണ്‍സിലര്‍മാര്‍ പൊലിസില്‍ പരാതി നല്‍കി. പൊലിസിടപെട്ട് പ്രവൃത്തി തടഞ്ഞു. കൗണ്‍സില്‍യോഗത്തില്‍ സംഭവം വിവാദമായതോടെ തങ്ങള്‍ അറിയാതെ സെക്രട്ടറി സ്വന്തം നിലക്ക് തീരുമാനമെടുത്തെന്നാണ് ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥും വൈസ് ചെയര്‍മാന്‍ മുസ്‌ലിം ലീഗിലെ പി.വി ഹംസയും നിലപാടെടുത്തത്. അനുമതിയില്ലാതെ കിടങ്ങുകീറിയതിന് റിലയന്‍സിനെതിരെ പൊലിസില്‍ പരാതി നല്‍കാനും സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടിക്കും അന്വേഷണത്തിലും കൗണ്‍സില്‍ യോഗം തീരുമാനിച്ചെങ്കിലും മൂന്നു ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."