13 സീറ്റുകളിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
ടോം വടക്കന് സീറ്റില്ല
പത്തനംതിട്ടയ്ക്കായി പടവെട്ട് തുടരുന്നു
തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാന നേതാക്കള്‍ക്കിടയിലെ ഭിന്നത തുടരുന്നു. പത്തനംതിട്ട ഒഴിവാക്കി കേരളത്തിലെ 13 സീറ്റുകളിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥിപട്ടികയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പത്തനംതിട്ട സീറ്റിനുവേണ്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും തമ്മില്‍ പിടിവലി രൂക്ഷമായ സാഹചര്യത്തിലാണ് ഇവിടം മാറ്റിനിര്‍ത്തി ഇന്നലെ പട്ടിക പ്രഖ്യാപിച്ചത്.
ബി.ജെ.പിയില്‍ ഏറ്റവുമധികം തര്‍ക്കം നിലനിന്ന മണ്ഡലമാണ് പത്തനംതിട്ട. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം.ടി രേമേശ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരായിരുന്നു പത്തനംതിട്ട സീറ്റിനുവേണ്ടി ആവശ്യമുന്നയിച്ചിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ എം.ടി രമേശിന്റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും പേരുകള്‍ തള്ളിപ്പോയിരുന്നു. എന്‍.എസ്.എസിന്റെയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് പിള്ളയെ അനുകൂലിക്കുന്നവര്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചത്.
ഒപ്പം ശബരിമല വിഷയത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയ സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന ആവശ്യവും ശക്തമായി ഉന്നയിക്കപ്പെട്ടു. എന്നാല്‍ കേന്ദ്രനേതൃത്വം ഇടപെട്ട് കെ. സുരേന്ദ്രനെ ഇവിടെ മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ശ്രീധരന്‍പിള്ളയെ മത്സരിപ്പിക്കേണ്ടെന്നുള്ള തീരുമാനവും കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. ഇതില്‍ ശക്തമായ പ്രതിഷേധമാണ് ശ്രീധരന്‍പിള്ളയ്ക്കുള്ളത്. തനിക്ക് കിട്ടാത്ത പത്തനംതിട്ട സീറ്റില്‍ കെ. സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ സഹകരിക്കേണ്ടെന്നാണ് ശ്രീധരന്‍പിള്ളയുടെ നിലപാട്. പാലക്കാട് ആവശ്യപ്പെട്ട ശോഭാ സുരേന്ദ്രനും നിരാശയിലാണ്.
ആറ്റിങ്ങലിലാണ് ശോഭയ്ക്ക് സീറ്റ് നല്‍കിയിരിക്കുന്നത്. പാലക്കാട് മണ്ഡലം ലഭിക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് ശോഭാ സുരേന്ദ്രന്‍. പത്തനംതിട്ട കിട്ടുന്നില്ലെന്നുറപ്പായതോടെ എറണാകുളമാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പിടിമുറുക്കിയത്. ടോം വടക്കന് നല്‍കാമെന്ന് പറഞ്ഞ സീറ്റാണ് കണ്ണന്താനം പിടിച്ചടക്കിയത്. ഇതില്‍ കടുത്ത പ്രതിഷേധമാണ് ടോം വടക്കനുള്ളത്. നിര്‍ണായക സമയത്ത് കോണ്‍ഗ്രസ് വിട്ടുവന്നത് ബി.ജെ.പി സ്ഥാനാര്‍ഥി വാദ്ഗാനം നല്‍കിയതോടെയാണ്. എന്നാല്‍ അവസരോചിതമായി വഞ്ചിക്കുകയാണ് ബി.ജെ.പി ചെയ്തതെന്നാണ് ടോം വടക്കന്റെ വാദം.
തിരുവനന്തപുരം-കുമ്മനം രാജശേഖരന്‍, മലപ്പുറം-വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പാലക്കാട് -സി. കൃഷ്ണകുമാര്‍, എറണാകുളം-അല്‍ഫോണ്‍സ് കണ്ണന്താനം, ആറ്റിങ്ങല്‍-ശോഭാ സുരേന്ദ്രന്‍, പൊന്നാനി-വി.ടി രമ, വടകര-വി.കെ സജീവന്‍, കൊല്ലം-കെ.വി സാബു, കോഴിക്കോട്-പ്രകാശ് ബാബു, കണ്ണൂര്‍-സി.കെ പത്മനാഭന്‍, കാസര്‍കോട്-രവീശ തന്ത്രി, ചാലക്കുടി-എ.എന്‍ രാധാകൃഷ്ണന്‍, ആലപ്പുഴ-കെ.എസ് രാധാകൃഷ്ണന്‍ എന്നിങ്ങനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍. കേരളത്തില്‍, ബി.ജെ.പി 14 സീറ്റുകളിലും ബി.ഡി.ജെ.എസ് 5 സീറ്റുകളിലും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസുമാണ് മത്സരിക്കുക. വയനാട്, ആലത്തൂര്‍, തൃശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."