HOME
DETAILS

ഈ കാഴ്ചകള്‍ കൊവിഡിനേക്കാള്‍ ഭീതിദം

  
backup
May 31 2020 | 00:05 AM

desperate-scene-in-india-due-to-covid-855717-2

 

അടുത്ത കാലത്തു കണ്ട പത്രഫോട്ടോകളില്‍ മനസില്‍ ഏറെ നീറ്റലുണ്ടാക്കിയത് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന യുവതിയെ മൂടിയ തുണി പിടിച്ചുവലിക്കുന്ന കൊച്ചുകുഞ്ഞിന്റെ ചിത്രമാണ്. അമ്മ മരിച്ചതറിയാതെ ഉണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ആ പെണ്‍കുഞ്ഞ്. ആ രംഗം കണ്ട് ഒന്നു വിതുമ്പാന്‍ പോലുമാകാതെ മരവിച്ച മനസുമായി കുറേ പട്ടിണിക്കോലങ്ങളും ആ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായിരുന്നു.


പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്നു ബിഹാറിലേയ്ക്ക് ശ്രമിക് ട്രെയിനില്‍ വരികയായിരുന്ന അതിഥി തൊഴിലാളികളില്‍ ഒരാളായിരുന്നു ഉര്‍വിന ബാത്തൂന്‍ എന്ന പേരുള്ള ആ യുവതി. നാലു ദിവസമായുള്ള യാത്രയ്ക്കിടയില്‍ അവര്‍ക്കാര്‍ക്കും വെള്ളവും ഭക്ഷണവും ലഭിച്ചിരുന്നില്ല. അകത്തും പുറത്തും പൊള്ളുന്ന ചൂടും. എല്ലാം സഹിച്ച് എങ്ങനെയെങ്കിലും വീട്ടിലെത്താനുള്ള ദുരിതയാത്രയ്ക്കിടയില്‍ ട്രെയിന്‍ മുസഫര്‍പൂരിലെത്തിയപ്പോഴേയ്ക്കും ആ യുവതിയുടെ ചലനമറ്റിരുന്നു. തങ്ങളിലൊരാളുടെ മരണത്തിന്റെ വേദനപോലും മനസില്‍ തട്ടാത്തവിധം അവശരായിരുന്നു ആ ട്രെയിനിലുണ്ടായിരുന്ന മറ്റ് അതിഥി തൊഴിലാളികള്‍.
ഇതേ മുസഫര്‍പൂരില്‍ രണ്ടുദിവസങ്ങള്‍ക്കു മുന്‍പ് നാലര വയസുള്ള ഒരു ആണ്‍കുട്ടിയും മരിച്ചിരുന്നു. വിശപ്പും ദാഹവും സഹിക്കവയ്യാതെ അവശനായ കുഞ്ഞിന് ഇത്തിരി പാലോ വെള്ളമോ കിട്ടാന്‍ പിതാവ് ഓടിനടന്നിട്ടും ഫലമുണ്ടായില്ല. അപ്പോഴേയ്ക്കും കുഞ്ഞ് മരണത്തിനു കീഴടങ്ങിയിരുന്നു.
കഴിഞ്ഞദിവസം വന്ന പത്രവാര്‍ത്തയിലെ കണക്കനുസരിച്ച് മെയ് 28ന് അവസാനിച്ച നാലു ദിവസത്തിനുള്ളില്‍ ശ്രമിക് ട്രെയിനുകളില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതാണ്. ദിവസത്തില്‍ ശരാശരി രണ്ടുപേരില്‍ കൂടുതല്‍ മരിക്കുന്നുവെന്നര്‍ഥം.


ഇതരസംസ്ഥാനങ്ങളില്‍ ജോലി ചെയ്തുവന്ന സാധാരണ തൊഴിലാളികളുള്‍പ്പെടെ എല്ലാവരെയും സ്വന്തം നാട്ടിലെത്തിക്കാന്‍ എല്ലാ സൗകര്യങ്ങളും ചെയ്യുമെന്നും അതിനുവേണ്ടി എത്ര ശ്രമിക് ട്രെയിനുകള്‍ വേണമെങ്കിലും ഏര്‍പ്പെടുത്താമെന്നും കേന്ദ്രത്തിലെ മന്ത്രിമാര്‍ പലയാവര്‍ത്തി പറയുന്നുണ്ടെങ്കിലും സത്യത്തില്‍ എന്താണു സംഭവിക്കുന്നതെന്നതിനു തെളിവാണ് ഉര്‍വിന ബാത്തൂനിന്റെയും മറ്റുള്ളവരുടെയും മരണം. ഭക്ഷണവും വെള്ളവും നല്‍കാതെ ആളുകളെ കുത്തിനിറച്ചു പലായനം ചെയ്യിക്കലാണ് രാജ്യത്തെങ്ങും ഓടിക്കൊണ്ടിരിക്കുന്ന ശ്രമിക് ട്രെയിനുകളില്‍ നടക്കുന്നത്.


ആ യാഥാര്‍ഥ്യം മറ്റാരുമല്ല, ഇന്ത്യയുടെ നീതിപീഠം തന്നെയാണു കണ്ടെത്തിയിരിക്കുന്നത്. അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അതിഗുരുതരമായ ഉദാസീനതയും അവഗണനയുമാണു കാണിക്കുന്നതെന്നു മനസിലാക്കി സുപ്രിം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ആ കേസില്‍ പരമോന്നത നീതിപീഠം കര്‍ക്കശമായ ഉത്തരവും നല്‍കിയിട്ടുണ്ട്.
സ്വന്തം നാട്ടിലേയ്ക്കു പോകാന്‍ ആഗ്രഹിക്കുന്ന അതിഥിതൊഴിലാളികളെ പട്ടിണിയും ക്ലേശവും അനുഭവിപ്പിക്കാതെ നാട്ടിലെത്തിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനാണെന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് സംശയലേശമെന്യേ പറഞ്ഞിരിക്കുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട മാര്‍ച്ച് 25 മുതല്‍ രാജ്യത്തെങ്ങുമുള്ള അതിഥി തൊഴിലാളികള്‍ അന്യനാട്ടില്‍ തൊഴിലില്ലാതെ കഴിയുകയാണ്. അതിഭീകരമായ മഹാമാരിയുടെ ചുറ്റുപാടില്‍ ജീവിക്കുന്ന അവര്‍ക്കു കാതങ്ങള്‍ക്കകലെയുള്ള തങ്ങളുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കുമടുത്തേയ്ക്കു പോകണമെന്ന തീവ്രാഭിലാഷമുണ്ടാകും.


കൈയില്‍ കാല്‍ക്കാശില്ലാതെ, ജീവിക്കാന്‍ ഒരു വഴിയുമില്ലാതെ, കടുത്ത മാനസിക പിരിമുറുക്കത്തില്‍ കഴിഞ്ഞുകൂടുന്ന അത്തരം പട്ടിണിപ്പാവങ്ങളെ തികച്ചും അപഹാസ്യമായ രീതിയിലാണു കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന ഭരണകൂടങ്ങളും കൈകാര്യം ചെയ്തതെന്നതു സത്യമല്ലേ. സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്ന ചില ദയനീയ ദൃശ്യങ്ങള്‍ അതിനു തെളിവാണ്.
ചുട്ടുപൊള്ളുന്ന വെയിലില്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ യാത്രചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ പൊട്ടിചോരയൊലിക്കുന്ന പാദങ്ങള്‍ ആ ചിത്രങ്ങളിലുണ്ടായിരുന്നു... വൃദ്ധമാതാവിനെയും പിതാവിനെയും ചുമലിലേറ്റി തോളത്തൊരു മാറാപ്പും പേറി ഏന്തിവലിഞ്ഞു നടന്നുനീങ്ങുന്ന മക്കളുടെ ദൃശ്യം ആ ചിത്രങ്ങളിലുണ്ടായിരുന്നു... നടന്നുതളര്‍ന്ന് വഴിയോരത്തു വീണുപോയവരും അവരെ നോക്കാനുള്ള മാനസികാവസ്ഥയില്‍ പോലുമല്ലാതെ സ്വന്തം ജീവന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താന്‍ കിതച്ചുനീങ്ങുന്ന നൂറുകണക്കിനു പേക്കോലങ്ങള്‍ ആ ചിത്രങ്ങളിലുണ്ടായിരുന്നു...
ഈ ചിത്രങ്ങളൊക്കെ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്നുകൊണ്ടിരുന്നത് കൊവിഡിന്റെ ഭീതിദമായ പശ്ചാത്തലത്തിലും രാജ്യത്തിന്റെ ഭൂമിയും ആകാശവും ബഹിരാകാശം പോലും സ്വകാര്യകുത്തകകള്‍ക്കു തീറെഴുതാനും വ്യവസായികള്‍ക്കു വന്‍ സാമ്പത്തികസഹായം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു പ്രഖ്യാപിച്ച ദിവസങ്ങളില്‍ തന്നെയായിരുന്നു. തിഥി തൊഴിലാളികളെ കൊണ്ടുപോകാനുള്ള ടിക്കറ്റ് ചാര്‍ജ് ആരു വഹിക്കുമെന്നതിനെച്ചൊല്ലി കേരളമടക്കമുള്ള സംസ്ഥാനങ്ങളും കേന്ദ്രവും തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ഒടുവില്‍ ആ നിര്‍ധനരുടെ കീശ അറുക്കാന്‍തന്നെ തീരുമാനിക്കുകയും ചെയ്ത കാലത്തു തന്നെയാണ് ഈ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.


ഈയൊരു പശ്ചാത്തലത്തിലാണു സുപ്രിം കോടതിക്ക് ഇക്കാര്യത്തില്‍ സ്വയം കേസെടുക്കേണ്ടി വന്നതും കര്‍ക്കശമായ നിലപാടെടുക്കേണ്ടി വന്നതും. നീതിപീഠം നടത്തിയ ഒരു നിരീക്ഷണം ഇനിയെങ്കിലും ഭരണക്കസേരകളില്‍ ഇരിക്കുന്നവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. 'അതിഥി തൊഴിലാളികള്‍ മടങ്ങിവരേണ്ടെന്നു പറയാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ല' എന്നാണു കോടതി ഉത്തരവിട്ടത്.
കൊവിഡിനെ തളയ്ക്കാന്‍ തങ്ങള്‍ പാടുപെട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ഇനിയാരും ഇവിടേയ്ക്കു വരേണ്ട എന്ന മനോഭാവമല്ലേ കേരളമുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും കൈക്കൊണ്ടത്. പരമാവധി ഇതരസംസ്ഥാനക്കാരെ തങ്ങളുടെ അതിര്‍ത്തിക്കപ്പുറത്തേയ്ക്കു തള്ളിവിടാനുള്ള വ്യഗ്രതയായാണ് മിക്ക സംസ്ഥാനങ്ങളും കാണിച്ചത്. അതേസമയം, നാട്ടിലേയ്ക്കു വരാന്‍ ശ്രമിക്കുന്നവരെ സാങ്കേതികത്വം പറഞ്ഞു മുടക്കുന്ന സമീപനമാണു പല സംസ്ഥാനങ്ങളും സ്വീകരിച്ചത്. പാലക്കാട്ട് കൊവിഡ് രോഗികളുടെ എണ്ണം പെരുകിയപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു ആളുകള്‍ വരുന്നത് നിയന്ത്രിക്കേണ്ടിവരുമെന്നു കേരളത്തിലെ ഒരു മന്ത്രി പറഞ്ഞത് ആ മനോഭാവത്തിന്റെ പ്രതിഫലനമാണ്.


നാട്ടില്‍ കഴിയുന്നവര്‍ക്കു പരമാവധി സുരക്ഷ ഉറപ്പുവരുത്തി അന്യനാട്ടില്‍ നിന്നെത്തുന്ന തങ്ങളുടെ നാട്ടുകാര്‍ക്ക് സുരക്ഷിതമായ അഭയസ്ഥാനങ്ങള്‍ നല്‍കുകയെന്ന നയമാണ് ഭരണകൂടം സ്വീകരിക്കേണ്ടതെന്നു വ്യക്തമാക്കി നീതിപീഠം. അതു കേള്‍ക്കാനും പ്രവര്‍ത്തിക്കാനും ഭരണകൂടങ്ങള്‍ക്കു കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
മഹാരാഷ്ട്രയില്‍ പാളത്തിലൂടെ നടന്നുപോകുന്നതിനിടയില്‍ ക്ഷീണിച്ച് അവശരായി തളര്‍ന്നുറങ്ങിപ്പോയ 16 അതിഥി തൊഴിലാളികളുടെ ശരീരം ഛിന്നഭിന്നമാക്കി ട്രെയിന്‍ കുതിച്ചുപാഞ്ഞതു പോലും നമുക്കു ഞെട്ടലായി മാറുന്നില്ല എന്നല്ലേ അതിനുശേഷവും സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ദയനീയ ദൃശ്യങ്ങള്‍ തെളിയിക്കുന്നത്.
'നിരത്തില്‍ കാക്ക കൊത്തുന്നൂ
ചത്തപെണ്ണിന്റെ കണ്ണുകള്‍....
മുലചപ്പി വലിക്കുന്നൂ
നരവര്‍ഗ നവാതിഥി....' എന്നു കവി ഇന്ത്യയുടെ ദയനീയാവസ്ഥയെക്കുറിച്ചെഴുതിയത് പതിറ്റാണ്ടുകള്‍ക്കു മുന്‍പായിരുന്നു. ആ അവസ്ഥ കൂടുതല്‍ ദയനീയമായി മാറിയിരിക്കുന്നുവെന്നാണ് ഈ കൊവിഡ്കാലം വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago