ഇനി കൃത്യസമയത്ത് എത്തണം
ചെറുവത്തൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കാന്‍ പഞ്ചിങ് നിര്‍ബന്ധമാക്കുന്നു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം ബാധകമാവുക. സ്പാര്‍ക് മുഖേന ശമ്പളം ലഭിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബര്‍ ഒന്നിനകം പഞ്ചിങ് സംവിധാനം ( ബയോ മെട്രിക് ഫിംഗര്‍ പ്രിന്റ് അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സിസ്റ്റം) ഒരുക്കുന്നതിന് ഉത്തരവായി.
സെക്രട്ടേറിയറ്റിലും ചില കളക്ടറേറ്റുകളിലും നേരത്തെ തന്നെ പഞ്ചിങ് ഏര്‍പ്പെടുത്തിയിരുന്നു. ജീവനക്കാരുടെ ഹാജര്‍ ബയോമെട്രിക് സംവിധാനത്തിലേക്ക് മാറുന്നതോടെ സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യക്ഷമത വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.ഭാവിയില്‍ ആധാറുമായി ബന്ധിപ്പിക്കാനാവുന്ന തരത്തിലുള്ള പഞ്ചിങ് സംവിധാനമാണ് ഒരുക്കുക. എല്ലാ സ്ഥിരം ജീവനക്കാരെയും ബയോമെട്രിക് സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.
നിലവില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനമുള്ള ഓഫീസുകളില്‍ അത് സ്പാര്‍കുമായി ബന്ധിപ്പിക്കാനാവുന്നില്ലെങ്കില്‍ പുതിയത് സ്ഥാപിക്കണം. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍കില്‍ ജീവനക്കാരുടെ അവധികള്‍, ഔദ്യോഗിക യാത്ര, ഷിഫ്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക സംവിധാനമുണ്ട്. ഓരോ വകുപ്പിലും വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലും പഞ്ചിങ് കൃത്യമായി നടപ്പാക്കേണ്ട ചുമതല വകുപ്പ് സെക്രട്ടറി, വകുപ്പ് മേധാവി എന്നിവര്‍ക്കാണ്. ഇതിന്റെ ചെലവ് ഓരോ വകുപ്പും അവരുടെ ബജറ്റ് വിഹിതത്തില്‍ നിന്നും കണ്ടെത്തണം.
വകുപ്പുകളില്‍ എല്ലാ തലങ്ങളിലുമുള്ള ഓഫിസുകളില്‍ പഞ്ചിങ് ഏര്‍പ്പെടുത്തിയശേഷം അതോറിറ്റികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മിഷനുകള്‍ തുടങ്ങി സര്‍ക്കാര്‍ ഗ്രാന്റുള്ള സ്ഥാപനങ്ങളിലും നടപ്പാക്കും. ഡിസംബര്‍ 31 നകം നടപടികള്‍ പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."