സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രചാരണം നടത്തിയാല്‍ നടപടി
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ പരസ്യമായോ സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. സാമൂഹിക മാധ്യമങ്ങളില്‍ രാഷ്ട്രീയ ബന്ധമുള്ള പോസ്റ്റുകള്‍ ഇടാനോ ഷെയര്‍ ചെയ്യാനോ പാടില്ല. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഏജന്റ്,പോളിങ്, കൗണ്ടിങ് ഏജന്റ് സ്ഥാനങ്ങള്‍ വഹിച്ചാലും നടപടിയെടുക്കും.
രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളിലും പ്രചാരണപരിപാടികളിലും പങ്കെടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. അതിനിടെ ജീവനക്കാര്‍ സാമൂഹിക മാധ്യമത്തില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ ഇടുന്നതും ഷെയര്‍ ചെയ്യുന്നതും തടഞ്ഞുകൊണ്ടു ജില്ലാ കലക്ടര്‍മാരും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."