മലപ്പുറത്ത് രണ്ട് കോടിയുടെ ചന്ദനത്തടി പിടികൂടി
നിലമ്പൂര്‍: മലപ്പുറം ജില്ലയില്‍ വനം വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ട് കോടിയോളം രൂപയുടെ ചന്ദനത്തടികള്‍ പിടികൂടി. വീട്ടമ്മയുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു.
മഞ്ചേരി വളുവമ്പ്രം പൂല്ലാരയിലെ പുന്നക്കോട് നജ്മുദ്ദീന്‍ കുരിക്കളുടേയും, സഹോദരന്‍ സലാമിന്റെയും വീടുകളോട് ചേര്‍ന്നുള്ള ഷെഡുകളില്‍ നിന്നാണ് രണ്ടായിരത്തോളം കിലോ ചന്ദനം പിടിച്ചെടുത്തത്. ചെറിയ പ്ലാസ്റ്റിക് ചാക്കുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കോഴിക്കോട് വനം ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ പി.ധനേഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പരിശോധന നടന്നത്. ഈ സമയം നജ്മുദ്ദീന്‍ സ്ഥലത്തില്ലായിരുന്നു. സഹോദരന്‍ സലാം വിദേശത്താണ്. നജ്മുദ്ദീനും സലാമിന്റെ ഭാര്യയ്ക്കുമെതിരേയുമാണ് കേസെടുത്തത്.
ചന്ദനത്തിന്റെ ഗന്ധം പുറത്ത് പരക്കാതിരിക്കാന്‍ രാസവസ്തു ചേര്‍ത്തതായി സൂചനയുണ്ട്. ഒരു കിലോഗ്രാം ചന്ദനത്തിന് ഏകദേശം 10,000 ത്തോളം രൂപ വിലയുണ്ട്. പിടിച്ചെടുത്ത ചന്ദനം എടവണ്ണ റെയ്ഞ്ചിലെ എടക്കോട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറും.നിലമ്പൂര്‍ റെയ്ഞ്ച് ഓഫിസര്‍ സി.രവീന്ദ്രനാഥ്, ഫ്‌ളയിങ് സ്‌ക്വാഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി.രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എ.കെ.വിനോദ്, സി.ദിജില്‍, എ.എന്‍.രതീഷ്, എം.അനൂപ് കുമാര്‍. ഡ്രൈവര്‍ വിശ്വനാഥന്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളായ രാജീവ് ചാപ്പത്ത്, വിപിന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. ജില്ലയിലെ ഏറ്റവും വലിയ ചന്ദനവേട്ടയാണിതെന്ന് ഡി.എഫ്.ഒ പറഞ്ഞു.
ജില്ലയില്‍ പുല്ലാര കേന്ദ്രീകരിച്ച് ചന്ദന മാഫിയ സജീവമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ലക്ഷങ്ങളുടെ ചന്ദന വേട്ടയാണ് ഇവിടെ നടന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."