കരിപ്പൂരില്‍ 69.6 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
കാസര്‍കോട് സ്വദേശിയില്‍ നിന്ന്് വിദേശ സിഗരറ്റുകളും പിടിച്ചെടുത്തു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആറ് യാത്രക്കാരില്‍ നിന്ന് 2.4 കിലോസ്വര്‍ണവും ഒരുയാത്രക്കാരനില് നിന്ന് 9000 വിദേശ സിഗരറ്റുകളും എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സ്വര്‍ണം ബിസ്കറ്റുകളായും മിശ്രിത രൂപത്തിലും വസ്ത്രങ്ങള്ക്കുള്ളിലും എമര്‍ജന്‍സി ലാംപിനകത്തും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ദുബൈയില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കാസര്‍കോട് സ്വദേശി ഖദീജുമ്മയില് നിന്ന് 177.1 ഗ്രാം തൂക്കമുള്ള സ്വര്‍ണ വളകളും 565 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കണ്ടെത്തിയത്. ഇതേ വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് റാസിയില്‍ നിന്നാണ് 9000 വിദേശ സിഗരറ്റ് കാര്‍ട്ടണുകള്‍ കണ്ടെത്തിയത്.
ഷാര്‍ജയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കണ്ണൂര്‍ സ്വദേശി സാജിദില്‍ നിന്ന് 400 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി യാസര്‍ അറഫാത്തില്‍ നിന്ന് 390 ഗ്രാം മിശ്രിതം കണ്ടെടുത്തു. ദുബൈയില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന തലശ്ശേരി സ്വദേശി സഫീര്‍ 378 ഗ്രാം സ്വര്‍ണ മിശ്രിതവുമായാണ് പിടിയിലായത്. മൂവരും ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചാണ് മിശ്രിതം കടത്താന്‍ ശ്രമിച്ചത്. ദുബൈയില്‍ നിന്നെത്തിയ വടകര കോറോത്ത് അജിനാസില്‍ നിന്ന് 466 ഗ്രാം സ്വര്‍ണ ബിസ്കറ്റുകളാണ് കണ്ടെത്തിയത്.
ഫ്ളൈ ദുബൈ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ കളനാട് സ്വദേശി മുഹമ്മദ് റാഫിഖില് നിന്ന് 610 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.റാഫിഖ് പാന്റ്സിനുള്ളില്‍ സ്വര്‍ണം മിശ്രിതമാക്കിയാണ് എത്തിച്ചത്. പിടിച്ചെടുത്ത 2.343 കിലോ ഗ്രാം സ്വര്‍ണ മിശ്രിതത്തില്‍ നിന്ന് 1.7 കിലോ വേര്‍തിരിച്ചെടുത്തു. സ്വര്ണക്കട്ടികളടക്കം 2.4 കിലോയാണ് ആറ് പേരില്‍ നിന്നായി കണ്ടെത്തിയത്. ഇതിന് ഇന്ത്യന്‍ വിപണയില്‍ 69,60,725 രൂപ വില ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."