തെരഞ്ഞെടുപ്പ് ആവേശം കടലിനക്കരെയും
ജിദ്ദ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ ചിത്രം ഏതാണ്ട് തെളിഞ്ഞതോട പ്രവാസി മലയാളികളുടെ ചര്‍ച്ചയും ചിന്തയും വോട്ടുമാത്രമായി. വ്യത്യസ്ത രാഷ്ട്രീയക്കാരായ മലയാളികള്‍ ഏറെയുള്ള സഊദിയിലെ പ്രധാന മാര്‍ക്കറ്റുകളിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് ജ്വരം വര്‍ധിച്ചത്. രാവിലെ മുതല്‍ മര്‍ക്കറ്റില്‍ എത്തിയവരില്‍ അധികവും ചര്‍ച്ചയും വാഗ്വാദങ്ങളുമായി സൂഖുകള്‍ സജീവമാക്കുന്നുണ്ട്. ഇതിനിടയില്‍ വടകരയില്‍ മുരളീധരന്‍ രംഗപ്രവേശം ചെയ്തുവെന്ന വാര്‍ത്തയോടെ ചര്‍ച്ചകളുടെ ആവേശം ഇരട്ടിച്ചു.
പത്രങ്ങളും ടെലിവിഷന്‍, റേഡിയോ ചാനലുകളും സാമൂഹിക മാധ്യമങ്ങളും വഴി ലഭിക്കുന്ന നാട്ടിലെ തെരഞ്ഞെടുപ്പാവേശം അതേപടി ആവാഹിക്കുകയാണ് പ്രവാസികള്‍.
മലയാളികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം കേരളത്തില്‍ നിന്ന് യു.ഡി.എഫിനും എല്‍.ഡി.എഫിനും എത്ര സീറ്റികള്‍ ലഭിക്കുമെന്ന ചര്‍ച്ചയാണ് . പൊടിപാറുന്ന പോരാട്ടം നടക്കുന്ന വിവിധ മണ്ഡലങ്ങളിലെ ജയ സാധ്യതയെക്കുറിച്ചും ബി.ജെ.പി അക്കൗണ്ട് തുറക്കുമോ എന്നതിനെക്കുറിച്ചുമെല്ലാം വാശിയേറിയ ചര്‍ച്ചകളാണ് എല്ലായിടത്തും. തൊഴിലിടങ്ങളിലും താമസകേന്ദ്രങ്ങളിലുമെല്ലാം ഇതു തന്നെയാണ് സംസാരം. ഇനി ഫലം വരും വരെ അതു മുറുകിക്കൊണ്ടിരിക്കും.
അതേസമയം ഇപ്പോള്‍ സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രചാരണം കൊഴുക്കുകയാണ്. വോട്ട് ചെയ്യാനായി നിരവധി പ്രവാസികള്‍ ഇതിനിടെ തന്നെ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. തെരഞ്ഞെടുപ്പിന് കേളിക്കൊട്ട് ഉയര്‍ന്നപ്പോള്‍ തന്നെ നാട്ടിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് പല മണ്ഡലത്തിലെയും പ്രവാസി വോട്ടര്‍മാര്‍. വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് തിരിക്കുന്നവരിലധിക പേര്‍ക്കും പ്രവാസി സംഘടനകള്‍ ടിക്കറ്റ് നല്‍കുന്നു. എന്ത് വില കൊടുത്തും തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക എന്നതാണ് പല പ്രവാസി സംഘടനകളുടെയും മുന്നിലുള്ള ലക്ഷ്യം. അതിന് എന്തു ചെലവ് വന്നാലും സഹിക്കാനും അവര്‍ തയാറാണ്.മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയുടെയും കോണ്‍ഗ്രസിന്റെ ഒ.ഐ.സി.സിയുടെയും സി.പി.എമ്മിന്റെ കേരള പ്രവാസി സംഘത്തിന്റെയും നേതൃത്വത്തിലാണ് സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും പ്രചാരണം നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ.എം.സി.സിയുടെ സഊദിയിലെ എല്ലാ സെന്‍ട്രല്‍ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ യു.ഡി.എഫ് ഘടകകക്ഷികളുടെ പ്രവാസി സംഘടനകളെ സഹകരിപ്പിച്ച് പ്രവാസി യു.ഡി.എഫിന് രൂപം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജിദ്ദയില്‍ 30 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
ഇതിനു പുറമെ സോഷ്യല്‍ മീഡിയ കാംപയിന്‍ സജീവമാക്കാനും ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാനും നാട്ടില്‍ പ്രവാസി കുടുംബ സംഗമങ്ങള്‍ നടത്താനും തീരുമാനിച്ചതായി കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കളയും അബൂബക്കര്‍ അരിമ്പ്രയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."