തിരൂരങ്ങാടി 'ഖാസി'യെ അവരോധിച്ചു; ഖലീലുല്‍ ബുഖാരിയെ അംഗീകരിക്കില്ലെന്ന് ഒരുവിഭാഗം
തിരൂരങ്ങാടി: ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം കാന്തപുരം വിഭാഗത്തിന്റെ തിരൂരങ്ങാടി ഖാസി വിഷയം വീണ്ടും ചൂടുപിടിച്ചു. മറ്റു മഹല്ല് നിവാസികളുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ പുതിയ ഖാസിയായി ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയെ അവരോധിച്ചതോടെയാണ് മുന്‍ ഖാസി ഒ.കെ അബ്ദുല്ലക്കുട്ടി മഖ്ദൂമിയെ അനുകൂലിക്കുന്ന വിഭാഗം ഇതിനെതിരേ രംഗത്തുവന്നത്.
ഇതോടെ തിരൂരങ്ങാടിയിലെ കാന്തപുരം വിഭാഗത്തില്‍ ഖാസി വിഷയത്തില്‍ നിലനിന്നിരുന്ന തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമായി. ഇന്നലെ തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. തിരൂരങ്ങാടി പ്രാദേശിക മഹല്ലില്‍ ഉള്‍പ്പെട്ട ആളുകള്‍ മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഖാസിയായിരുന്ന ഒ.കെ അബ്ദുല്ലക്കുട്ടി മഖ്ദൂമിയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയാണ് പള്ളി സെക്രട്ടറി എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജി ഖലീലുല്‍ ബുഖാരിയെ ഖാസിയാക്കി നിയമിച്ചത്. ഖലീലുല്‍ ബുഖാരിയെ തിരൂരങ്ങാടിയുടെ ഖാസിയായി അംഗീകരിക്കില്ലെന്ന് മഖ്ദൂമി വിഭാഗം അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഖാസി വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിക്കാണെന്ന് എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജി പറഞ്ഞു. നാല്‍പതോളം മഹല്ലുകളാണ് പള്ളിക്കു കീഴിലുള്ളത്. തിരൂരങ്ങാടി മഹല്ല് അംഗീകരിക്കുന്ന പക്ഷം മറ്റു മഹല്ലുകള്‍ ഖാസിയെ അംഗീകരിച്ചതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പരിസരമഹല്ലുകളുടെ സമ്മതമോ നിയമനമോ ഇല്ലാതെ കേന്ദ്രമഹല്ലിന്റെ അംഗീകാരം കൊണ്ട് മാത്രം ഖാസിയാകില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമസ്തയുമായി നടന്ന കാളികണ്ടം സംവാദത്തില്‍ കാന്തപുരം വിഭാഗത്തിന് സമ്മതിക്കേണ്ടി വന്നിരുന്നു.
തിരൂരങ്ങാടി ഖാസി വിഷയത്തില്‍ രണ്ടുവര്‍ഷം മുന്‍പാണ് കാന്തപുരം വിഭാഗത്തില്‍ ചേരിപ്പോര് ആരംഭിച്ചത്. ഖാസി ഒ.കെ അബ്ദുല്ലക്കുട്ടി മഖ്ദൂമിക്കെതിരേ മഹല്ല് സെക്രട്ടറി രംഗത്ത് വന്നതോടെ ഉടലെടുത്ത വിവാദം കഴിഞ്ഞ വര്‍ഷം സംഘടനാ നേതാക്കള്‍ തമ്മിലുള്ള കൈയാങ്കളിയിലാണ് കലാശിച്ചത്.
മഹല്ല് സെക്രട്ടറി അടച്ചുപൂട്ടിയ ആസാദ് നഗറിലെ ഖാസി ഹൗസ് പൊലിസിന്റെ സഹായത്തോടെ ഖാസി അനുകൂലികള്‍ തുറക്കുകയും വീണ്ടും അടച്ചുപൂട്ടുകയും കേസ് ഹൈക്കോടതിയിലെത്തുകയും ചെയ്തിരുന്നു.
പ്രശ്‌നം കൂടുതല്‍ വഷളായതോടെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് ഒരുവര്‍ഷം മുമ്പ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയെ ഖാസിയായി തീരുമാനിച്ചത്.
എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് മഖ്ദൂമി അനുകൂലികള്‍ ഖലീലുല്‍ ബുഖാരിയുടെ മേല്‍മുറിയിലെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."