സിറോ മലബാര്‍ സഭയില്‍ വൈദികര്‍ തമ്മില്‍ വീണ്ടും ചേരിപ്പോര്
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്പന വിവാദത്തിനു പിന്നാലെ സിറോ മലബാര്‍ സഭയില്‍ വൈദികര്‍ തമ്മില്‍ വീണ്ടും ചേരിപ്പോര്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ രേഖ ചമച്ച് അഴിമതിക്കാരനായി ചിത്രീകരിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, മുന്‍ സഭാ വാക്താവ് ഫാ.പോള്‍ തേലക്കാട്ട് എന്നിവര്‍ക്കെതിരേ കേസെടുത്തതിനെതിരേ അതിരൂപതയിലെ വൈദിക സമിതി രംഗത്ത്. സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ നിന്നും സിനഡിന്റെ തീരുമാനമെന്ന വിധത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഇന്നലെ ചേര്‍ന്ന അടിയന്തര വൈദിക സമിതിയോഗം പറഞ്ഞു.
മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ. പോള്‍ തേലക്കാട്ടിനെയും കേസില്‍ പ്രതി ചേര്‍ത്തത് അധാര്‍മികവും കാനോനിക നിയമങ്ങളുടെ ലംഘനവുമാണെന്നും വൈദിക സമിതിയോഗം കുറ്റപ്പെടുത്തി. ദുരുദ്ദേശത്തോടെയാണ് ഈ പരാതി നല്‍കിയിട്ടുള്ളത്. പരാതി നല്കിയ ഫാ. ജോബി മാപ്രക്കാവിലും അദ്ദേഹത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും മാര്‍ ജേക്കബ് മനത്തോടത്തിന്റെയും അതിരൂപതയുടെയും സല്പേര് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും യോഗം വിലയിരുത്തി.
സിറോ മലബാര്‍ സിനഡിന്റെ മാധ്യമ കമ്മിഷന് ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പുകള്‍ തെറ്റിദ്ധാരണ പരത്തുന്നതും വാസ്തവ വിരുദ്ധവുമാണ്. മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ. പോള്‍ തേലക്കാട്ടിനെയും പ്രതി ചേര്‍ത്ത എഫ്.ഐ.ആര് ബന്ധപ്പെട്ട അധികാരികളുടെ കൈയിലിരിക്കുമ്പോഴാണ് അവരെ പ്രതിയാക്കിട്ടില്ലെന്നുകാട്ടി വാര്‍ത്താകുറിപ്പ് ഇറക്കിയത്. രേഖകളുടെ ഉറവിടത്തെ പറ്റി ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നു തന്നെയാണ് വൈദിക സമിതിയുടെയും അഭിപ്രായമെന്നും സമിതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."