സഊദിയില്‍ വിശ്വാസികള്‍ പള്ളിയില്‍
റിയാദ്: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ സഊദിയിലെ മുഴുവന്‍ പള്ളികളും ഇന്നുമുതല്‍ തുറക്കും. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി പള്ളികളില്‍ ജുമുഅ, ജമാഅത്ത് നിസ്കാരങ്ങള്‍ നിര്‍ത്തലാക്കി ആഴ്ചകള്‍ക്കു ശേഷമാണു ഇന്ന് രാവിലെ മുതല്‍ പള്ളികള്‍ വീണ്ടും സജീവമാകുന്നത്.
കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഓര്‍മപ്പെടുത്തിയ അധികൃതര്‍ ഇവ പാലിച്ചായിരിക്കണം ഓരോ വിശ്വാസിയും പള്ളികളില്‍ എത്തിച്ചേരേണ്ടതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 18ന് അടച്ചുപൂട്ടിയ പള്ളികള്‍ മൂന്നു മാസത്തിനു ശേഷമാണ് വിശ്വാസികള്‍ക്കായി തുറക്കുന്നത്. മസ്ജിദുന്നബവിയിലെ ആകെ ഉള്കൊള്ളുന്നവരുടെ എണ്ണത്തിന്റെ 40 ശതമാനം വിശ്വാസികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.
മാസ്ക് ധരിക്കുക, വീട്ടില്‍നിന്ന് വുളൂഅ് എടുക്കുക, മുസ്വല്ല കരുതുക, കൈകള്‍ കഴുകുക, പള്ളികളില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും കവാടങ്ങളില്‍ തിരക്ക് കൂട്ടാതിരിക്കുക, നിസ്കരിക്കുന്നവര്‍ക്കിടയില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കുക, മൊബൈലുകള്‍ ഉപയോഗിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുക, പ്രായമേറിയവരും 15 വയസിനു താഴെയുള്ളവരും രോഗികളും വീട്ടില്‍നിന്ന് നിസ്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം പള്ളികളില്‍ എത്തേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തെ മുഴുവന്‍ പള്ളികളിലും ബാങ്ക് കൊടുത്ത് വെറും 10 മിനിട്ട് മാത്രമാണ് നിസ്കാരത്തിനായി കാത്തുനില്ക്കുക. ബാങ്ക് വിളിക്കുന്നതിന്റെ 15 മിനുട്ട് മുന്‍പ് പള്ളികള്‍ തുറക്കുകയും നിസ്കാരശേഷം 10 മിനുട്ട് കഴിഞ്ഞാല്‍ അടച്ചിടുകയും ചെയ്യും. വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരം 15 മിനുട്ടിലധികം കൂടുതല്‍ നീളാനും പാടില്ല. ആവശ്യമെങ്കില്‍ ജുമുഅ പള്ളികളിലെ തിരക്കൊഴിവാക്കാനായി ജുമുഅ ഇല്ലാത്ത അടുത്ത പള്ളികളിലും ജുമുഅ നടത്താമെന്നും ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."