ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ അഭിമുഖം
കോട്ടയം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ കൊവിഡ് ആശുപത്രിയായ കോട്ടയം ജനറല്‍ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ അഭിമുഖത്തിന് ശ്രമം. സംഭവം വിവാദമായതോടെ ഡി.എം.ഒ ഇടപെട്ട് അഭിമുഖം മാറ്റിവച്ചു.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ വിപുലീകരണം ലക്ഷ്യമിട്ട് സ്റ്റാഫ് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നഴ്‌സിങ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ എന്നീ തസ്തികകളിലേക്കുള്ള 29 ഒഴിവുകളിലേക്ക് ഒരുമാസത്തേക്ക് കരാര്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖമാണ് മാറ്റിവച്ചത്.
ഇന്നലെ രാവിലെ പത്തു മുതല്‍ ഉച്ചക്ക് രണ്ടുവരെ അഭിമുഖം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനേതുടര്‍ന്ന് നൂറുകണക്കിന് വനിതാ ഉദ്യോഗാര്‍ഥികളാണ് കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിയത്. കൈക്കുഞ്ഞുമായി വരെ ഇന്റര്‍വ്യൂവിന് എത്തിയവരുടെ നിര ആശുപത്രി പരിസരവും കടന്ന് കോട്ടയം-കുമളി റോഡില്‍ വരെ എത്തി. സാമൂഹികഅകലം പാലിക്കാതെ ഉദ്യോഗാര്‍ഥികള്‍ പ്രദേശത്ത് തടിച്ചുകൂടി.
നാട്ടുകാരും ഉദ്യോഗാര്‍ഥികളും പരാതിയുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് കോട്ടയം ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ് അഭിമുഖം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലെത്തി ഇക്കാര്യം ഉദ്യോഗാര്‍ഥികളെ അറിയിച്ചു. അതിനിടെ, പരാതികളെ തുടര്‍ന്ന് പൊലിസെത്തിയെങ്കിലും ഗതാഗതം നിയന്ത്രിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും ആക്ഷേപമുണ്ട്. സാമൂഹികഅകലം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന ആരോഗ്യവിഭാഗത്തില്‍ നിന്നുതന്നെ ഇത്തരമൊരു വീഴ്ചയുണ്ടായതില്‍ കനത്ത പ്രതിഷേധമാണുയര്‍ന്നത്.
അഭിമുഖം ഇനി ഓണ്‍ലൈനായി നടത്താനാണ് തീരുമാനം. ഇത്രയുംപേര്‍ അഭിമുഖത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം.
കൊവിഡ് പരിശോധനയ്ക്കും മറ്റും ദിവസവും നിരവധിയാളുകള്‍ എത്തുന്ന സ്ഥലമാണ് ജനറല്‍ ആശുപത്രി. കൊവിഡ് രോഗികളും ഇവിടെ ചികിത്സയിലുണ്ട്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."