പത്തും കടന്ന് 'വിജയഭേരി'
മലപ്പുറം: ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്കു മാറ്റുകൂട്ടിയ വിജയഭേരി പദ്ധതി പ്ലസ്ടു, വി.എച്ച്്.എസ്.സി കോഴ്‌സുകളിലേക്കും വ്യാപിപ്പിക്കുന്നു. സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവച്ച് സ്‌കൂളുകളില്‍ ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് ഹയര്‍സെക്കന്‍ഡറിയിലേക്കുകൂടി വ്യാപിപ്പിക്കുന്നത്.
ഹയര്‍സെക്കന്‍ഡറി തലത്തില്‍ പ്രയാസമുള്ള വിഷയങ്ങള്‍ക്കു പ്രത്യേക കൈപുസ്തകങ്ങള്‍ തയാറാക്കും. സ്മാര്‍ട്ട് ക്ലാസ് റൂമുകളിലേക്കാവശ്യമായ ഇ-കണ്ടന്റ്, അധ്യാപക പരിശീലനങ്ങള്‍, തെരഞ്ഞെടുത്ത അധ്യാപികമാര്‍ക്കു പ്രത്യേക കൗണ്‍സിലിങ് പരിശീലനം, കരിയര്‍ ഗൈഡന്‍സ് സെന്ററുകളുടെ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍, മിടുക്കരായ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക തുടര്‍ പരിശീലനങ്ങള്‍, എല്ലാ സ്‌കൂളുകളിലും നൂറു ശതമാനം വിജയം ഉറപ്പുവരുത്തുക, പത്തു ശതമാനം വിദ്യാര്‍ഥികളെ എ പ്ലസ് ഗ്രേഡിലേക്ക് എത്തിക്കുക തുടങ്ങിയ പദ്ധതികളാണ് ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഈ വര്‍ഷം നടപ്പിലാക്കുന്നത്. ഇതിനായി ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍മാരുടെ പ്രത്യേക പരിശീലനങ്ങള്‍ നടന്നു.
ഹൈസ്‌കൂള്‍ വിജയഭേരി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാനുള്ള പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. എസ്.എസ്.എല്‍.സിയില്‍ ജില്ലയ്ക്കു നൂറുമേനിയോടൊപ്പം 15 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഫുള്‍ എ പ്ലസ് ഉറപ്പുവരുത്തുന്നതിനു പ്രത്യേക എ പ്ലസ് ക്ലബുകള്‍ എല്ലാ സ്‌കൂളുകളിലും രൂപീകരിച്ചിട്ടുണ്ട്. ഇതിനുള്ള പരിശീലനങ്ങള്‍ തുടങ്ങി.
ഹൈസ്‌കൂളിലെ വിജയഭേരി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹൈസ്‌കൂള്‍ വിജയഭേരി കോഡിനേറ്റര്‍മാരുടെ യോഗം ജൂലൈ രണ്ടിനു രാവിലെ പത്തിനു ജില്ലാപഞ്ചായത്ത് ഹാളില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."