പട്ടാമ്പി പാലം നിര്‍മാണം: രൂപരേഖ ഉടന്‍ കിഫ്ബിക്ക് സമര്‍പ്പിക്കും
പട്ടാമ്പി: പട്ടാമ്പിയില്‍ ഭാരതപ്പുഴക്കുകുറുകെ നിര്‍മിക്കുന്ന പുതിയപാലത്തിന്റെ രൂപരേഖ ഉടന്‍ കിഫ്ബിക്ക് സമര്‍പ്പിക്കും. പാലത്തിന്റെയും അനുബന്ധ റോഡിന്റെയും അവസാനവട്ട രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഹമ്മദ് മുഹ്സിന് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. അവസാനഘട്ട രൂപരേഖ തയ്യാറാക്കി ഉടന്‍ കിഫ്ബിക്ക് സമര്‍പ്പിച്ച് അനുമതി നേടാനാണ് നീക്കമെന്ന് മുഹമ്മദ് മുഹ്സിന് എം.എല്‍.എ. അറിയിച്ചു. ഒരുവര്‍ഷത്തിനകം പണിതുടങ്ങാനാണ് നീക്കം. പി.ഡബ്ല്യു.ഡി. എക്സി. എന്‍ജിനീയര്‍ ശ്രീലേഖ, പാലം വിഭാഗം അസി. എക്സി. എന്‍ജിനീയര്‍ ജയരാജ്, പൊതുമരാമത്തുവിഭാഗം അസി. എക്സി. എന്‍ജിനീയര്‍ ഒ.ബി. മധു എന്നിവരടങ്ങിയ സംഘമാണ് പദ്ധതിപ്രദേശം സന്ദര്‍ശിച്ചത്. പട്ടാമ്പി പഴയകടവ് ഭാഗത്ത് 350 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പുതിയപാലമാണ് നിര്‍മിക്കാന്‍ രൂപരേഖയുണ്ടാക്കുന്നത്. പ്രധാന പാലം നിര്‍മിച്ചശേഷം രണ്ടാംഘട്ടത്തില്‍ പില്ലറുകള്‍ സ്ഥാപിച്ച് നഗരസഭാ സ്റ്റാന്‍ഡ് പരിസരത്തേക്ക് റോഡ് മേല്‍പാലം നിര്‍മിക്കാനും പദ്ധതിയുണ്ട്. 50 വര്‍ഷത്തിലധികം പഴക്കമുള്ള പട്ടാമ്പിയിലെ നിലവിലെ പാലം ശോച്യവസ്ഥയിലാണ്. കൈവരികള്‍ തകര്‍ന്നാണ് കിടക്കുന്നത്. പോയവര്‍ഷങ്ങളിലെ രൂക്ഷമായ മണലെടുപ്പുമൂലം പാലത്തിന്റെ തൂണുകള്‍ ദുര്‍ബലാവസ്ഥയിലാണ്. പുതിയപാലം നിര്‍മിക്കണമെന്ന ആവശ്യം ഏറെക്കാലമായുണ്ടെങ്കിലും നീളുകയായിരുന്നു. വീതികുറഞ്ഞ കോസ്വേയാണ് പട്ടാമ്പിയില്‍ ഭാരതപ്പുഴയ്ക്കുകുറുകെ നിലവിലുള്ളത്. വീതികുറവായതിനാല്‍ പാലത്തിന് മുകളിലുണ്ടാവുന്ന വാഹനത്തിരക്കുമൂലം നഗരത്തിലും ഗതാഗതക്കുരുക്ക് പതിവാകുന്ന സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."