എം.എല്‍.എമാരെല്ലാം വിജയിച്ചാല്‍ ഖജനാവിനു നഷ്ടം 30 കോടിയില്‍ അധികം
കൊച്ചി: എല്‍.ഡി.എഫും യു.ഡി.എഫും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അണിനിരത്തിയ എം.എല്‍.എമാരൊക്കെ വിജയിച്ചാല്‍ പൊതുഖജനാവിനു നഷ്ടം 30 കോടിയിലേറെ രൂപ. ചരിത്രത്തിലാദ്യമായി ഇത്തവണ ഇരുമുന്നണികളിലുമായി ഒന്‍പത് എം.എല്‍.എമാരാണ് വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത്.
ഇവരൊക്കെ ജയിച്ചാല്‍ വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അടൂര്‍, നെടുമങ്ങാട്, കോഴിക്കോട്, നിലമ്പൂര്‍, അരൂര്‍, ആറന്മുള എന്നീ നിയമസഭാമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. മൂന്നു കോടിയിലധികം രൂപയാണ് ഓരോ നിയമസഭാ മണ്ഡലത്തിലും തെരഞ്ഞെടുപ്പു നടത്താന്‍ സംസ്ഥാനത്തിനു ചെലവാകുന്ന തുക.
തെരഞ്ഞെടുപ്പ് ഒരുക്കംമുതല്‍ ഫലപ്രഖ്യാപനം വരെ വിവിധ ഘട്ടങ്ങളിലായി മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടിയോളം തുക ചെലവാകുമെന്നാണ് വിലയിരുത്തല്‍. വിവി പാറ്റ് സംവിധാനം ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിനാലാണിത്.
പ്രളയാനന്തരം തകര്‍ന്ന വീടുകള്‍ വച്ചുനല്‍കാന്‍ പോലും സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കോടികള്‍ ചെലവഴിച്ച് എങ്ങനെ ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കാഴ്ചവച്ചവരെ എല്‍.ഡി.എഫും യു.ഡി.എഫും ലോക്‌സഭാ സ്ഥാനാര്‍ഥികളാക്കിയപ്പോള്‍ ഇവര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരും നിരാശയിലാണ്.
അഞ്ചു വര്‍ഷം തങ്ങള്‍ക്കൊപ്പം മണ്ഡലത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇവരെ തെരഞ്ഞെടുത്ത്. അതുകൊണ്ടുതന്നെ പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്നതില്‍ വോട്ടര്‍മാര്‍ക്കിടയില്‍ അതൃപ്തിയും ഉയര്‍ന്നിട്ടുണ്ട്.
ഇവരൊക്കെ വിജയിച്ചാല്‍ 5,86,265 പേരുടെ സമ്മതിദാനമാണ് പാതിവഴിയില്‍ പാഴാകുന്നത്. വട്ടിയൂര്‍ക്കാവില്‍നിന്ന് കെ. മുരളീധരന് 51,322 വോട്ട് ലഭിച്ചപ്പോള്‍ കോന്നിയില്‍ അടൂര്‍പ്രകാശിന് ലഭിച്ചത് 52,052 വോട്ടുകളാണ്. എറണാകുളത്ത് ഹൈബി ഈഡന് ലഭിച്ചത് 57,819 വോട്ടുകളാണെങ്കില്‍ അടൂരില്‍ ചിറ്റയം ഗോപകുമാര്‍ 76,034 പേരുടെ വോട്ടുകള്‍ നേടി. നെടുമങ്ങാട്ട് സി. ദിവാകരന്‍ 57,745 വോട്ടുകളും കോഴിക്കോട് എ. പ്രദീപ്കുമാര്‍ 64,192 വോട്ടുകളും നിലമ്പൂരില്‍ പി.വി അന്‍വര്‍ 77,858 വോട്ടുകളും നേടിയപ്പോള്‍ വീണാ ജോര്‍ജ് ആറന്മുളയില്‍ നേടിയത് 64,523 പേരുടെയും എ.എം ആരിഫ് അരൂരില്‍ 84,720 പേരുടെയും സമ്മതിദാനമാണ്.
ഇടതുമുന്നണിക്കു സ്ഥാനാര്‍ഥിക്ഷാമം നേരിട്ട സാഹചര്യത്തിലാണ് ആറ് എം.എല്‍.എമാരെ രംഗത്തിറക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇത്തരം സാഹചര്യങ്ങളില്‍ സ്വതന്ത്രരെ പിന്തുണച്ചിരുന്ന ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ചവരെ നിര്‍ത്തി പോരാട്ടം ശക്തമാക്കുകയാണ്.
എന്തായാലും ഇവരൊക്കെ വിജയിച്ചാല്‍ നിയമസഭയില്‍ ഇവര്‍പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളുടെ പ്രതികരണവും ചെറിയ കാലയളവിലെങ്കിലും മുടങ്ങിക്കിടക്കും. ആറു മാസത്തിനുള്ളില്‍ എം.എല്‍.എസ്ഥാനം ഇവര്‍ക്കു രാജിവയ്‌ക്കേണ്ടി വരും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ അവ നാഥനില്ലാ മണ്ഡലങ്ങളായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."