യു.എസ് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ട്രംപ്
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിര്‍ത്തുന്നുവെന്ന് അറിയിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം.
'ലോകാരോഗ്യസംഘടന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ അവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണ്. ലോകം ആവശ്യപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ലോകാരോഗ്യസംഘടന പരാജയപ്പെട്ടു. ചൈനയില്‍ നിന്ന് വന്ന വൈറസിനെ കുറിച്ച് ലോകത്തിന് ഉത്തരങ്ങള്‍ വേണം. ലോകാരോഗ്യ സംഘടക്ക് നല്‍കിവന്നിരുന്ന ധനസഹായം ലോകത്തുള്ള മറ്റ് ആരോഗ്യ ആവശ്യങ്ങള്‍ക്ക് നല്‍കുമെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന് ട്രംപ് മെയ് 19ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക പ്രതിവര്‍ഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇങ്ങനെയായിട്ടും ലോകാരോഗ്യ സംഘടനയെ ചൈനയാണ് നിയന്ത്രിക്കുന്നതെന്ന് ട്രംപ് ആരോപിച്ചിരുന്നു.
കൊവിഡ് ബാധ ലോകമെമ്പാടും പകരാന്‍ കാരണം ഒന്നുകില്‍ ചൈനയുടെ ഭാഗത്തെ തെറ്റോ അല്ലെങ്കില്‍ കഴിവില്ലായ്മയോ ആണെന്നും ട്രംപ് ആരോപിച്ചിരുന്നു. കൊവിഡിനെ തുടക്കത്തില്‍ തന്നെ തടയാമായിരുന്നു.
അത് വലിയ പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ എന്തോ സംഭവിക്കുകയാണ് ഉണ്ടായത്. അത് ചൈനയുടെ ഭാഗത്തുനിന്നുണ്ടായ വലിയ പിഴവാകാം. അല്ലെങ്കില്‍ അവരുടെ കഴിവില്ലായ്മയായിരിക്കാമെന്ന് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവര്‍ ചെയ്യേണ്ടത് ചെയ്തില്ല. അത് വളരെ മോശമായി പോയി.
നേരത്തെയും കൊവിഡിന്റെ കാര്യത്തില്‍ ചൈനക്കെതിരെ ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. അറിഞ്ഞുകൊണ്ടാണ് കൊവിഡിനെ ചൈന തടയാതിരുന്നതെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."