യാത്രയ്ക്കിടെ തിരികെപ്പറന്ന് എയര്‍ഇന്ത്യ വിമാനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് റഷ്യയിലെ മോസ്കോയിലേക്കു പറന്ന എയര്‍ഇന്ത്യ വിമാനം യാത്രയ്ക്കിടെ തിരികെപ്പറന്നു. വിമാനത്തിലെ പൈലറ്റുമാരിലൊരാള്ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി തിരികെവിളിച്ചത്.
യാത്രയില്‍ വിമാനത്തില്‍ യാത്രക്കാര്‍ ഇല്ലായിരുന്നു. റഷ്യയില്‍നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ പുറപ്പെട്ടതായിരുന്നു വിമാനം. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്നലെ രാവിലെ ഏഴിനാണ് എയര്‍ഇന്ത്യയുടെ എ320 വിമാനം ഡല്‍ഹിയില്‍നിന്നു പറന്നുയര്‍ന്നത്. എന്നാല്‍, വിമാനം ഉസ്ബെക്കിസ്താന് വ്യോമപരിധിയില്‍ എത്തിയപ്പോള്‍ ഒരു പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതായി അറിയിപ്പ് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ചുപറന്ന വിമാനം ഉച്ചയ്ക്ക് 12.30ന് ഡല്‍ഹിയില്‍ തിരിച്ചിറങ്ങി.
വിമാനം യാത്ര തുടങ്ങിയ ശേഷമായിരുന്നു പൈലറ്റിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നത്. ഇത് പോസിറ്റീവാണെന്നു ബോധ്യപ്പെട്ടതോടെ വിമാനം തിരിച്ചുവിളിക്കുകയായിരുന്നു. വിഷയത്തില്‍ വീഴ്ചയുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കൊവിഡ് പരിശോധനാ ഫലം എന്തുകൊണ്ട് വൈകിയെന്നതും കൊവിഡ് സാധ്യതയുള്ള പൈലറ്റിനെ വിമാനത്തില്‍ നിയമിച്ചതിനെക്കുറിച്ചും അന്വേഷിക്കും.തിരികെയെത്തിയ വിമാനത്തിലെ മറ്റു ജീവനക്കാരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മോസ്കോയിലേക്കു മറ്റൊരു വിമാനം അയയ്ക്കുമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."