വന്യജീവികളുടെ അക്രമം; ഒരു വര്‍ഷത്തിനുള്ളില്‍ ലഭിച്ചത് 129 പരാതികള്‍
കല്‍പ്പറ്റ: കഴിഞ്ഞ 12 മാസത്തിനിടെ കടുവയടക്കം വന്യമൃഗങ്ങള്‍ വളര്‍ത്തുജീവികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ജില്ലയില്‍ വനം-വന്യജീവി വകുപ്പിനു ലഭിച്ചത് 129 പരാതികള്‍.
അതേസമയം വന്യജീവികള്‍ വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി വനം-വന്യജീവി വകുപ്പ് കഴിഞ്ഞ സാമ്പത്തികവര്‍ഷം വയനാട്ടില്‍ അനുവദിച്ചത് 2.22 കോടി രൂപ. 3,552 അപേക്ഷകളിലാണ് ഇത്രയും തുക നല്‍കിയത്.
കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍, കൃഷിനാശം സംഭവിച്ച കര്‍ഷകര്‍, കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്ത വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ എന്നിവരാണ് സമാശ്വാസധനം ലഭിച്ചവരുടെ ഗണത്തിലുള്ളത്. 2017ല്‍ ഇതുവരെ ജില്ലയില്‍ മൂന്നു പേരാണ് വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് പരുക്കേറ്റു. വടക്കേ വയനാട് വനം ഡിവിഷന്‍ പരിധിയിലെ ചാലിഗദ്ദ പാറയ്ക്കല്‍ ശശിയുടേതാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത മരണം. ജില്ലയില്‍ തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളിലെ വനാതിര്‍ത്തി ഗ്രാമങ്ങളിലാണ് വന്യജീവി ശല്യം ഏറ്റവും രൂക്ഷം.
വയനാട് വന്യജീവി സങ്കേതം, വടക്കേവയനാട് വനം ഡിവിഷന്‍, കര്‍ണാടകയിലെ നാഗര്‍ഹോള ദേശീയോദ്യാനം എന്നിവയുമായി അതിരിടുന്നതാണ് തിരുനെല്ലി പഞ്ചായത്ത്. വനത്താല്‍ ചുറ്റപ്പെട്ടതാണ് നൂല്‍പ്പുഴ പഞ്ചായത്തിന്റെ പല ഭാഗങ്ങളും.
കഴിഞ്ഞ 31 വര്‍ഷത്തിനിടെ തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 81 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. 350പേര്‍ക്കാണ് പരുക്കേറ്റത്. നൈസര്‍ഗിക വനം വെട്ടിമാറ്റി ഏകവിളത്തോട്ടങ്ങളാക്കിയതിന്റെ തിക്തഫലമാണ് വനാതിര്‍ത്തി ഗ്രാമങ്ങളിലെ രൂക്ഷമായ വന്യജീവിശല്യമെന്ന് പരിസ്ഥിതി-കര്‍ഷക സംഘടനാ നേതാക്കളുടെ അഭിപ്രായം. വനം-വന്യജീവി വകുപ്പിലുളളവരും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. ജില്ലയില്‍ സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് വനം ഡിവിഷനുകളിലായി ഏകദേശം 200 ചതുരശ്ര കിലോമീറ്റര്‍ തേക്ക്, യൂക്കാലിപ്റ്റ്‌സ്, കാറ്റാടി തോട്ടങ്ങളുണ്ട്. 344.4 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വന്യജീവി സങ്കേതത്തില്‍ മാത്രം 101.48 ചതുരശ്ര കിലോമീറ്ററാണ് ഏകവിളത്തോട്ടങ്ങളുടെ അളവ്.
വന്യജീവി സങ്കേതത്തിലും 244.025 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വടക്കേ വയനാട് വനം ഡിവിഷനുകളിലുമായി 11,549 ഹെക്ടര്‍ തേക്കുതോട്ടമാണുള്ളത്. ഇതില്‍ 5742.96 ഹെക്ടറും തിരുനെല്ലി പഞ്ചായത്തിലാണ്. നൈസര്‍ഗിക വനം ഏകവിളത്തോട്ടങ്ങളായി മാറിയ പ്രദേശങ്ങളില്‍ അടിക്കാട് വളരാതെയും നീരുറവകള്‍ വറ്റിയും വന്യജീവികളുടെ ആവാസവ്യവസ്ഥ തകര്‍ന്നു. വിശപ്പും ദാഹവും അകറ്റുന്നതിനു കാടിനു പുറത്തിറങ്ങണമെന്ന ഗതികേടിലായി വന്യജീവികള്‍.
ഇതാണ് വനാതിര്‍ത്തി പ്രദേശങ്ങളില്‍ കൃഷി മുഖ്യ ഉപജീവനമാര്‍ഗമാക്കിയവര്‍ക്ക് വിനയായത്. പരിസ്ഥിതിക്ക് കനത്ത ആഘാതമേല്‍പിക്കുന്ന ഏകവിളത്തോട്ടങ്ങളെ ജില്ലയില്‍ കാലാവസ്ഥാവ്യതിയാനത്തിനു ആക്കംകൂട്ടുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതായാണ് ശാസ്ത്രകാരന്മാര്‍ കാണുന്നത്. ഏകവിളത്തോട്ടങ്ങള്‍ ഒഴിവായാല്‍ത്തന്നെ വനത്തില്‍ ആവാസവ്യവസ്ഥ വളരെ മെച്ചപ്പെടുമെന്നാണ് പരിസ്ഥിതി രംഗത്തുള്ളവരുടെ പക്ഷം. എങ്കിലും വനത്തെ ഏകവിളത്തോട്ടമുക്തമാക്കുന്നതില്‍ അധികാരകേന്ദ്രങ്ങള്‍ക്ക് ഉദാസീനതയാണ്. വന്യജിവികള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നതു തടയുന്നതിനു പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും പലതും ഫലപ്രദമല്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കിടങ്ങ്, വൈദ്യുത-സോളാര്‍ വേലി, കല്‍മതില്‍ നിര്‍മാണമാണ് വന്യജീവി പ്രതിരോധത്തിനായി നടത്തുന്നത്. കിടങ്ങുകള്‍ ഇടിച്ചുനികത്തിയും വൈദ്യുതവേലികള്‍ ചവിട്ടിമറിച്ചുമാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത്.
വനാതിര്‍ത്തികളില്‍ അങ്ങിങ്ങായി നിര്‍മിച്ച കല്‍മതിലുകള്‍ പലേടത്തും തടര്‍ന്നു കിടക്കുകയാണ്. വനാതിര്‍ത്തിയിലാകെ കര്‍ണാടക മാതൃകയില്‍ തീവണ്ടിപ്പാളം ഉപയോഗിച്ച് വേലികെട്ടുന്നത് കാട്ടാന പ്രതിരോധത്തിനു യോജിച്ചതാണെന്ന അഭിപ്രായം വനം-വന്യജീവി വകുപ്പിലെ ഉന്നതര്‍ക്ക് ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."