ഹൈവേ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം
ഗൂഡല്ലൂര്‍: സീഫോര്‍ത്ത്-പെരിയശോല റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ ഗൂഡല്ലൂര്‍ ഹൈവേ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.
നാലുപേര്‍ വീതമാണ് ഓരോ ദിവസവും സമരം നടത്തുക. റോഡ് ടാറിങ് നടത്തിയിട്ട് 20 വര്‍ഷം കഴിഞ്ഞു. പിന്നീട് കാലമിത്ര കഴിഞ്ഞിട്ടും യാതൊരുവിധ അറ്റകുറ്റ പ്രവൃത്തികളും നടന്നിട്ടില്ല. 10 ലക്ഷം രൂപയുടെ അറ്റകുറ്റപണികള്‍ നടത്തിയതായി രേഖകള്‍ പ്രകാരം അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍ റോഡിന്റെ മുകളില്‍ ഒരു പ്രവര്‍ത്തനവും ഈ തുക കൊണ്ട് നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഈ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും സമരസമിതി ഉയര്‍ത്തുന്നുണ്ട്. കുണ്ടും കുഴിയുമായി റോഡ് പാടെ തകര്‍ന്നിരിക്കുകയാണ്. വലിയ ഗര്‍ത്തങ്ങളാണ് പലഭാഗത്തും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റോഡ് മോശമായതിനാല്‍ മഴക്കാല സമയത്ത് സീഫോര്‍ത്തിന് താഴേക്ക് ബസ് സര്‍വിസ് നിര്‍ത്തിവെക്കാറാണ് പതിവ്. ഇത് സ്‌കൂള്‍ വിദ്യാര്‍ഥികളെ കാര്യമായി ബാധിക്കും.
ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകാന്‍ പോലും ജനങ്ങള്‍ക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത്.
ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്ഥലം എം.എല്‍.എയോ, എം.പിയോ ഓവാലിയിലേക്ക് തിരിഞ്ഞ് പോലും നോക്കുന്നില്ലെന്നും ആരോപണമുണ്ട്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പോലും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.
ഈ സാഹചര്യത്തിലാണ് സമരസമിതി നിരാഹാരമടക്കമുള്ള സമര മുറകളിലേക്ക് നീങ്ങുന്നത്. സമരത്തിന്റെ ഭാഗമായി നാളെ രാവിലെ ഗൂഡല്ലൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടക്കും. തുടര്‍ന്നാണ് സമരസമിതിയിലെ ആദ്യ നാലുപേര്‍ നിരാഹാരമിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."