പെട്രോള്‍ പമ്പുകളും അവധിയില്‍; യാത്രക്കാര്‍ വഴിയിലായി
മാനന്തവാടി: വിഷു ദുഖ:വെള്ളി പ്രമാണിച്ച് മാനന്തവാടി നഗരപരിധിയിലെ മുഴുവന്‍ പമ്പുകളും അടച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി നൂറ് കണക്കിന് യാത്രക്കാരാണ് വഴിയില്‍ കുടുങ്ങിയത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വ്യവസ്ഥകള്‍ പ്രകാരം വിശേഷ ദിവസങ്ങളില്‍ പമ്പുകള്‍ അവധിയാണെങ്കില്‍ പമ്പ് ഉടമകള്‍ പരസ്പരം ആലോചിച്ച് നഗരത്തില്‍ ഒരു പമ്പ് എങ്കിലും തുറക്കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി മാനന്തവാടി നഗരത്തിലെ മൂന്ന് പെട്രോള്‍ പമ്പുകളും അടച്ച് ഇട്ടതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. പമ്പുകള്‍ അടച്ചിടുന്ന വിവരം പമ്പ് ഉടമകള്‍ നേരത്തെ അറിയിക്കാത്തതു യാത്രക്കാരെ വലച്ചു. അന്തര്‍സംസ്ഥാന തീര്‍ത്ഥയാത്ര ചെയ്യുന്ന നിരവധി വാഹനങ്ങളടക്കം ഇന്ധനം കിട്ടാതെ പെരുവഴിയില്‍ ആയി. മാനന്തവാടിക്ക് പുറമേ കാട്ടിക്കുളത്തെയും തലപ്പുഴയിലെയും പിച്ചങ്കോടെയും പമ്പുകളും അടഞ്ഞുകിടന്നു.
വിശേഷ ദിനത്തില്‍ പോലും ഇന്ധനം തേടി അലയേണ്ട അവസ്ഥയായിരുന്നു മിക്കവര്‍ക്കും.
അവശ്യ സര്‍വിസായ പെട്രോള്‍ പമ്പുകള്‍ മുന്നറിയിപ്പ് ഇല്ലാതെ പൂട്ടിയിട്ടും ബന്ധപ്പെട്ട അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊട്രോള്‍ പമ്പ് ഉടമകളുടെ നടപടിക്ക് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം കല്‍പ്പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."