വയനാട് വന്യജീവി സങ്കേതത്തിലെ പ്രവേശന നിരോധനം ദീര്‍ഘിപ്പിച്ചു
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ദീര്‍ഘിപ്പിച്ചു.
വയനാട് വന്യജീവി സങ്കേതത്തിന് കീഴിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം ഫെബ്രുവരി മുതല്‍ മാര്‍ച്ച് 31 വരെ താത്കാലികമായി നിരോധിച്ചിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്റ് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ ഉത്തരവ് അനുസരിച്ചായിരുന്നു ഇത്. വേനല്‍മഴ വേണ്ടത്ര ലഭിച്ചിട്ടില്ലാത്തതിനാലും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടില്ലാത്തതിനാലും വയനാട് വന്യജീവി സങ്കേതം വരണ്ടുണങ്ങിയിരിക്കുകയാണ്. വന്യജീവി സങ്കേതത്തില്‍ തീറ്റയും വെള്ളവും കുറഞ്ഞ സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നു വരാനുള്ള സാധ്യതയും കൂടുതലാണ്. ഇക്കോ ടൂറിസം സെന്ററിലേക്കുള്ള സന്ദര്‍ശകരുടെ വരവ് വന്യ ജീവികള്‍ക്ക് അലോസരം സൃഷ്ടിക്കുകയും സന്ദര്‍ശകരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാവുകയും ചെയ്യും. ഇത് കണക്കിലെടുത്താണ് വയനാട് വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശകര്‍ക്ക് എര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം ഏപ്രില്‍ 23 വരെ ദീര്പ്പിക്കാന് വനം വകുപ്പ് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."