'ട്രാക്കിലെ തീപ്പൊരിക്ക് ഇനി വിശ്രമ ജീവിതം'; ഇന്ത്യന്‍ അത്‌ലറ്റിക് താരമായിരുന്ന ഇബ്രാഹിം ചീനിക്ക ഇന്ന് റെയില്‍വേയുടെ പടിയിറങ്ങും
കോട്ടയം: കായിക കേരളം ഓര്‍ക്കുന്നുണ്ടോ ഇബ്രാഹിം ചീനിക്കയെ. ഫുട്‌ബോളറാകാന്‍ മോഹിച്ചു വയനാടന്‍ ചുരമിറങ്ങി അത്ലറ്റിക്‌സ് ട്രാക്കിലെ തീപ്പൊരിയായി മാറിയ താരത്തെ. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട ഇന്ത്യന്‍ റെയില്‍വേയിലെ സേവനം അവസാനിപ്പിച്ച് ഇന്ന് ചീനിക്ക പടിയിറങ്ങും.
നാട്യങ്ങളും അവകാശവാദങ്ങളുമില്ലാത്ത എണ്‍പതുകളിലെ ഈ സൂപ്പര്‍താരത്തെ ട്രാക്ക് വിട്ടശേഷം അത്‌ലറ്റിക് മാമാങ്കങ്ങളിലെവിടേയും കണ്ടിട്ടില്ല. കായിക ആഘോഷങ്ങളിലേക്കൊന്നും സംഘാടകര്‍ കൈപിടിച്ച് എത്തിച്ചിട്ടുമില്ല. കേരളത്തിന്റെയും ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ചരിത്രത്തിലും ആഘോഷിക്കപ്പെടാതെ പോയൊരു താരമാണ് സുല്‍ത്താന്‍ ബത്തേരി ചീനിക്കല്‍ പരേതനായ കുഞ്ഞാലന്‍ - പാത്തുമ്മ ദമ്പതികളുടെ മകന്‍ ഇബ്രാഹിം ചീനിക്ക.
1981 ല്‍ കാലിക്കറ്റ് സര്‍വകലാശാല ഫുട്‌ബോള്‍ ടീമില്‍ ഇടംനേടാന്‍ മോഹിച്ചു വയനാടന്‍ ചുരമിറങ്ങി വന്നൊരു കൗമാരതാരം. അതിവേഗം പന്തുമായി മൈതാനത്ത് പാഞ്ഞിട്ടും സെലക്ഷന്‍ ലഭിക്കാതെ പോയി. പക്ഷെ, ഇബ്രാഹിമിനെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. മൈതാനത്തെ അതിവേഗകുതിപ്പുകാരനെ കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് പരിശീലകനായിരുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി ഡോ. മുഹമ്മദ് അഷ്‌റഫ് വെറുതെ വിടാന്‍ തയ്യാറായില്ല. വയനാട്ടിലേക്ക് മടങ്ങിയ ചീനിക്കയെ സര്‍വകലാശാലയിലേക്ക് തിരികെയെത്തിച്ച മുഹമ്മദ് അഷ്‌റഫ് 400, 800 മീറ്ററുകളിലെ താരമാക്കി. കാലിക്കറ്റ് സര്‍വകലാശാലയ്ക്കായി അന്തര്‍ സര്‍വകലാശാല മീറ്റുകളില്‍ സുവര്‍ണ മെഡലുകള്‍ സമ്മാനിച്ചാണ് ഇബ്രാഹിം ട്രാക്കിലെ താരമായത്.
കോളജ് പഠനം പൂര്‍ത്തിയാക്കിയ ഇബ്രാഹിം 1984 ല്‍ പടിഞ്ഞാറന്‍ റെയില്‍വേയില്‍ ജോലി തേടി ഗുജറാത്തിലേക്ക് വണ്ടികയറി. ജോലി ശരിയായില്ലെങ്കിലും അത്തവണ ഗുജറാത്തിനായി ദേശീയ സീനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ചു. ചെന്നൈയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ദേശീയ ജേതാവായ രാജേന്ദര്‍ ശര്‍മയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ചീനിക്ക ഗുജറാത്തിന് വെള്ളി പതക്കം സമ്മാനിച്ചു. ദേശീയ ചാംപ്യനെ അട്ടിമറിച്ച ചീനിക്ക ഇന്ത്യന്‍ ക്യാംപില്‍ അംഗമായി. 1985 ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡിലും അതേ വര്‍ഷം തന്നെ നടന്ന ബംഗ്ലാദേശ് സാഫ് ഗെയിംസിലും ഇന്ത്യക്കായി ട്രാക്കിലിറങ്ങി. സാഫ് ഗെയിംസില്‍ 400, 4-400 മീറ്റര്‍ റിലേ ഇനങ്ങളില്‍ രാജ്യത്തിന് സ്വര്‍ണം സമ്മാനിച്ചു. 1985 ലെ ഏഷ്യന്‍ ഗെയിംസ് 4-400 മീറ്റര്‍ ഇന്ത്യന്‍ റിലേ ടീമിലും അംഗമായി. റിലേ സ്‌പെഷലിസ്റ്റായി മാറിയ ഇബ്രാഹിം ചീനിക്ക ഇന്ത്യ ബഹിഷ്‌ക്കരിച്ച 1986 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ടീമിലും അംഗമായിരുന്നു. 1987 ലെ ദേശീയ ഗെയിംസില്‍ അടക്കം ഒറ്റ ലാപ്പില്‍ സുവര്‍ണ മെഡലുകള്‍ സമ്മാനിച്ച ഇബ്രാഹിം ചീനിക്കയെ 88 ല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കായിക പുരസ്‌ക്കാരമായ ജി.വി രാജ അവാര്‍ഡ് നല്‍കി കേരളം ആദരിച്ചു.
1984 ല്‍ സതേണ്‍ റെയില്‍വേയില്‍ ക്ലര്‍ക്കായാണ് ജോലിയില്‍ പ്രവേശിച്ചത്. ഇബ്രാഹിം ചീനിക്ക തലശ്ശേരി റെയില്‍വേ ഓഫിസില്‍ നിന്നും ഇന്ന് ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറായി വിരമിക്കും. കോഴിക്കോട് മൂഴിക്കലിലാണ് താമസം. റസിയ ആണ് ഭാര്യ. ഷഹനാസ്, തസ്്‌ലിം, മുഹമ്മദ് നിഹാല്‍ എന്നിവര്‍ മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."