ഫ്രാന്‍സും പോര്‍ച്ചുഗലും ഇന്നിറങ്ങും
ലണ്ടന്‍: 2020ലെ യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കമായി. പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍ എന്നീ കരുത്തരായ ടീമുകള്‍ യോഗ്യതാ മത്സരത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്നിറങ്ങും. രാത്രി 1.15 മുതല്‍ സോണി ലൈവ് ചാനലുകളില്‍ മത്സരം തത്സമയ സംപ്രേഷണം ചെയ്യും.
നിലവിലെ ചാംപ്യന്മാരായ പോര്‍ച്ചുഗല്‍ ഇത്തവണയും കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്. സൂപ്പര്‍ താരം റൊണാള്‍ഡോയുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് പോര്‍ച്ചുഗലിനെ കൂടുതല്‍ അപകടകാരികളാക്കും. ലോകകപ്പിന് ശേഷമുണ്ടായ ലൈംഗിക ആരോപണ വിവാദത്തെത്തുടര്‍ന്ന് റൊണാള്‍ഡോയെ ദേശീയ ടീമില്‍ നിന്ന് തഴഞ്ഞിരുന്നു. ഇതുമൂലം യുവേഫ നാഷന്‍സ് ലീഗില്‍ റൊണാള്‍ഡോ കളിച്ചിരുന്നല്ല. പക്ഷേ റൊണാള്‍ഡോയുടെ അഭാവത്തിലും പോര്‍ച്ചുഗല്‍ നാഷന്‍സ് ലീഗ് സെമിഫൈനലിലെത്തിയിട്ടുണ്ട്. ജൂണ്‍ ആറിന് നടക്കുന്ന സെമിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
ഇന്ന് നടക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഉക്രൈനെയും ഫ്രാന്‍സ് മോള്‍ഡോവയെയും ഇംഗ്ലണ്ട് ചെക് റിപ്പബ്ലികിനെയും നേരിടും. സ്വീഡന് റൊമാനിയയാണ് ആദ്യ കടമ്പയിലുള്ളത്. സിറ്റ്‌സര്‍ലന്‍ഡ് ജോര്‍ജിയയുമായും ഇന്ന് ഏറ്റുമുട്ടും. ഇത്തവണ 12 നഗരങ്ങളിലായാണ് യൂറോ മത്സരങ്ങള്‍ നടക്കുന്നത്. ആതിഥേയരെ നേരിട്ട് മത്സരപ്പിക്കുന്നത് ഒഴിവാക്കിയതിനാല്‍ എല്ലാവരും യോഗ്യതാ മത്സരം ജയിച്ചുവേണം ടൂര്‍ണമെന്റില്‍ ഇടംപിടിക്കാന്‍. 55 ടീമുകളാണ് ഇത്തവണ യൂറോ കപ്പിലേക്ക് യോഗ്യത തേടുന്നത്. ഇതില്‍ 24 ടീമുകള്‍ക്കാണ് ടൂര്‍ണമെന്റില്‍ യോഗ്യത ലഭിക്കുന്നത്. കൊസോവയാണ് ഇത്തവണ യൂറോ കപ്പ് യോഗ്യതാ മത്സരത്തിലെ പുതുമുഖം.
ഗ്രൂപ്പുകള്‍ ബലാബലം
ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ടിനൊപ്പം ചെക്ക് റിപ്പബ്ലിക്കാണ് കരുത്തരായുള്ളത്. ബല്‍ഗേറിയയുടെ മുന്നേറ്റവും തള്ളിക്കളയാനാവില്ല. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ യോഗ്യത തേടുമ്പോള്‍ ഉക്രൈന്‍, സെര്‍ബിയ എന്നിവരും ശക്തരായുണ്ട്. ശക്തമായ ഗ്രൂപ്പ് സിയില്‍ ജര്‍മനിക്ക് വെല്ലുവിളി ഉയര്‍ത്തി ഹോളണ്ടുണ്ട്. ഗ്രൂപ്പ് ഡിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡും ഡെന്‍മാര്‍ക്കുമാണ് കരുത്തര്‍.
ഗ്രൂപ്പ് ഇയില്‍ ക്രൊയേഷ്യയും വെയ്ല്‍സും ശക്തികാട്ടുമ്പോള്‍ ഗ്രൂപ്പ് എഫില്‍ സ്വീഡനാണ് സ്‌പെയിനിന് ഭീഷണി ഉയര്‍ത്തുന്നത്. ഗ്രൂപ്പ് ജിയില്‍ പോളണ്ടും ഓസ്ട്രിയയുമാണ് കരുത്തര്‍. ഗ്രൂപ്പ് എച്ചില്‍ നിലവിലെ ലോകജേതാക്കളായ ഫ്രാന്‍സ് കളിക്കുമ്പോള്‍ തുര്‍ക്കിയും ഐസ്‌ലന്‍ഡും പ്രധാന എതിരാളികളാവും. ഗ്രൂപ്പ് ഐയില്‍ ബെല്‍ജിയവും റഷ്യവും അണിനിരക്കുമ്പോള്‍ ഇറ്റലിയും ഗ്രീസുമാണ് ഗ്രൂപ്പ് ജെയിലെ സൂപ്പര്‍ ടീമുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."