കഞ്ചാവില്‍ മയങ്ങി ജില്ല
മീനങ്ങാടി: ഇന്നലെ ഒന്നരക്കിലോയോളം കഞ്ചാവുമായി പൊലിസിന്റെ പിടിയിലായ മനോജ് വര്‍ഷങ്ങളായി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് എത്തിച്ചുനല്‍കുന്ന പ്രധാനി.
കഴിഞ്ഞ അധ്യയന വര്‍ഷം അപ്പാട് മൈലംപാടി മനോജിന്റെ വീടിന് സമീപത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. കണിയാമ്പറ്റയില്‍ വിദ്യാര്‍ഥികളെത്തിയത് മനോജില്‍ നിന്നും കഞ്ചാവ് വാങ്ങാനെന്നാണ് നാട്ടുകാരോട് വിദ്യാര്‍ഥികള്‍ പറഞ്ഞത്. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ലഹരിയുടെ പിടിയിലകപ്പെടുന്നെന്ന തിരിച്ചറിവില്‍ മനോജിനെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നാട്ടുകാരുടെ ശ്രമം ഫലം കണ്ടെങ്കിലും 15 വര്‍ഷമായി നിയമത്തിന്റെ പഴുതില്‍ മനോജ് തന്റെ കച്ചവടം പൊടിപൊടിക്കുന്നു. പലപ്പോഴായി എക്‌സൈസും പൊലിസ് ഉദ്യോഗസ്ഥരും പിടികൂടുന്ന മനോജ് ദിവസങ്ങള്‍ക്കകം പുറത്തിറങ്ങി വീണ്ടും കഞ്ചാവ് വില്‍പ്പന ആരംഭിക്കുകയാണ്. മുമ്പ് വിവിധ രാഷ്ട്രീയ സംഘടനകളും നാട്ടുകാരും മനോജിനെ പിടികൂടി ബന്ധപ്പെട്ടവരെ ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ നിയമത്തിലെ പഴുതുകള്‍ വെച്ച് മനോജ് പിഴയടച്ച് പൊലിസിനും എക്‌സൈസിനും വീണ്ടും തലവേദനയാകുകയാണ്. പത്ത് ഗ്രാം, അന്‍പത് ഗ്രാം, നൂറ് ഗ്രാം എന്നിങ്ങനെ ചെറിയ പാക്കറ്റുകളാക്കി വില്‍പ്പന നടത്തുന്ന മനോജ് കഞ്ചാവിന് ആവശ്യക്കാരെ കണ്ടെത്തുന്നതും വിദ്യാര്‍ഥികളിലൂടെയാണ്. കര്‍ണാടകയില്‍ നിന്നും ജില്ലയിലേക്ക് സുലഭമായെത്തുന്ന കഞ്ചാവിന്റെ വിതരണവും വില്‍പ്പനയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് വിദ്യാര്‍ഥികളെയും യുവാക്കളെയും കൂടുതല്‍ അപകടത്തിലേക്കാണ് നയിക്കുന്നത്. ജില്ലയില്‍ നാലു മാസത്തിനിടെ പിടികൂടിയ ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്തിയവരുടെ പട്ടികയില്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് കൂടുതലായുള്ളത്. ലഹരിക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലം മുതല്‍ ആരംഭിച്ചെങ്കിലും ലഹരിയുടെ പിടിയിലമരുന്ന യുവാക്കളുടെ കണക്കുകള്‍ വര്‍ധിക്കുന്നു എന്നതും മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന ആക്ഷേപത്തിനിടയാക്കുകയാണ്.
അതിര്‍ത്തിഗ്രാമങ്ങളിലെ പരിശോധന കാര്യക്ഷമമാക്കുകയും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരോചിത ബോധവല്‍ക്കരണ ക്ലാസുകളും ലഹരിക്കെതിരേ നാട്ടുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളും വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."