ദര്‍വാദിലെ കെട്ടിട ദുരന്തം: മരണം 10 ആയി
ബംഗളൂരു: കര്‍ണാടകയിലെ ദര്‍വാദില്‍ നിര്‍മാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. ഇന്നലെ എട്ടുമൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണിത്. ബംഗളൂരുവില്‍നിന്നു 400 കിലോമീറ്റര്‍ അകലെ ദര്‍വാദ് ജില്ലയിലെ കുമാരേശ്വരില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
നിര്‍മാണത്തൊഴിലാളികളടക്കം അന്‍പതോളം ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയതിനാലാണ് മരണസംഖ്യ കുറയ്ക്കാനായത്. 10 ആംബുലന്‍സുകളും അഞ്ച് അഗ്‌നിശമനസേനാ യൂനിറ്റും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന പലരെയും പരുക്കുകളോടെയും സുരക്ഷിതമായും പുറത്തെത്തിച്ചു. എന്നാല്‍ പത്തുപേരെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നു പൊലിസ് അറിയിച്ചു.
മൂന്നാം നിലയിലെ പണികള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടം. കെട്ടിടത്തിന്റെ ആദ്യരണ്ടുനിലകളില്‍ അന്‍പതിലധികം കടകള്‍ പ്രവൃത്തിച്ചുവരികയായിരുന്നു. ഈ സമയം 150 ലധികം ആളുകളാണ് ഈ രണ്ടുനിലകളിലുമായി ഉണ്ടായിരുന്നത്. അപകടം സംബന്ധിച്ച് ദര്‍വാദ് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കെട്ടിടം തകര്‍ന്നുവീഴാനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ നിലവാരമില്ലാത്ത നിര്‍മാണ സമാഗ്രികള്‍ ഉപയോഗിച്ചതുകൊണ്ടാണ് കെട്ടിടം തകര്‍ന്നുവീണതെന്നു പ്രദേശവാസികള്‍ ആരോപിച്ചു. സംഭവത്തില്‍ ഇതുവരെ പൊലിസ് ആരെയും അറസ്റ്റ്‌ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."