യുവാവിന്റെ മരണം; വിഷുദിനത്തിന്റെ പൊലിമയറ്റ് നന്മണ്ട
ബാലുശ്ശേരി: വിഷുദിനത്തില്‍ നന്മണ്ട യുവജന ടാങ്ക് നീന്തല്‍ക്കുളത്തില്‍ മുങ്ങി യുവാവ് മരിച്ചതിനാല്‍ വിഷു ആഘോഷത്തിന്റെ പൊലിമയറ്റ് നന്മണ്ട ഗ്രാമം. പ്രവാസിയായ നന്മണ്ട തെക്കേടത്ത് ഗംഗാധരന്റെ മകന് വൈശാഖ് (30) ആണ് മരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ദുരന്തവാര്‍ത്ത കേട്ട് കണ്ണീരണിഞ്ഞു.
കുളത്തിന്റെ ആഴവും അടിപ്പരപ്പും കൃത്യമായി അറിയാവുന്ന നീന്തല്‍ വശമുള്ള വൈശാഖിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ശ്രദ്ധിച്ചിരുന്നില്ല. വിദേശത്ത് ജോലിക്കു പോയ വൈശാഖ് രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ഉച്ചയ്ക്ക് കുടുംബത്തോടൊപ്പം വിഷു സദ്യയുണ്ട് പുറത്തേക്കിറങ്ങിയ വൈശാഖ് വൈകിട്ട് ആറരയോടെയാണ് കുട്ടുകാരോടൊപ്പം കുളക്കരയിലെത്തിയത്. കുളിക്കാനിറങ്ങി ഏറെ കഴിഞ്ഞിട്ടും കാണാതായപ്പോഴാണ് സുഹൃത്തുക്കള്‍ കുളത്തിലിറങ്ങി തിരച്ചില്‍ നടത്തിയത്. നാട്ടുകാര്‍ ഓടിയെത്തി പുറത്തെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
കുളത്തിന്റെ സമീപത്തുള്ള സ്വന്തം ടൂവീലര്‍ വര്‍ക്ക്ഷോപ്പ് വിപുലീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു വൈശാഖ്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ തെക്കേടത്ത് വീട്ടിലെത്തിയ മൃതദേഹത്തില്‍ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."