ന്യൂസിലന്‍ഡില്‍ തോക്ക് വില്‍പന നിരോധിച്ചു
വെല്ലിങ്ടണ്‍: രാജ്യത്ത് എല്ലാതരം തോക്കുകളുടെയും സെമി-ഓട്ടോമാറ്റിക് ആയുധങ്ങളുടെയും വില്‍പന നിരോധിച്ചു. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു മുസ്‌ലിം പള്ളികളില്‍ നടന്ന വെടിവയ്പ്പില്‍ 50 വിശ്വാസികള്‍ കൊല്ലപ്പെട്ട ദാരുണ സംഭവത്തെ തുടര്‍ന്നാണിത്.
രാജ്യതാല്‍പര്യം മാനിച്ചും ഇനിയൊരിക്കല്‍ കൂടി രാജ്യത്ത് ഭീകരാക്രമണമുണ്ടാവുന്നത് തടയുന്നതിനും വേണ്ടിയാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. പുതിയ നിയമം ഏപ്രില്‍ 11ന് നിലവില്‍ വരും. നിരോധിത ആയുധങ്ങള്‍ തിരിച്ചുവാങ്ങുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കും. പള്ളികളില്‍ കൂട്ടക്കൊല നടത്തിയ ഭീകരവാദി നിയമപരമായാണ് ആയുധങ്ങള്‍ വാങ്ങിയതെന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഓണ്‍ലൈനിലൂടെ വളരെ എളുപ്പത്തിലാണ് 30 റൗണ്ട് വരെ വെടിവയ്ക്കാവുന്ന മാരകായുധങ്ങള്‍ അയാള്‍ വാങ്ങിയത്. ഇത്തരം യന്ത്രത്തോക്കുകളില്‍ ഘടിപ്പിക്കാവുന്ന ഭാഗങ്ങളുടെ വില്‍പനയും നിരോധിക്കും. അതേസമയം കര്‍ഷകര്‍ക്ക് വിളകള്‍ നശിപ്പിക്കുന്ന ജീവികളെ തുരത്തുന്നതിന് തോക്കുപയോഗത്തില്‍ ഇളവു ലഭിക്കും. ആളുകള്‍ക്ക് ന്യൂസിലന്‍ഡിലൂടെ കാറോടിച്ചു പോകാം, പക്ഷേ ടാങ്ക് ഓടിച്ചുപോകാന്‍ ആരെയും അനുവദിക്കില്ല- കര്‍ഷകര്‍ക്ക് ഇളവു നല്‍കിയതിനെ സൂചിപ്പിച്ച് അവര്‍ പറഞ്ഞു.
അതിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 50 പേരെയും പൊലിസ് തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖബറടക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഏപ്രില്‍ അഞ്ചിന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൊലയാളി ബ്രന്റന്‍ ടാറന്റിനുമേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തും. നിലവില്‍ കൊലക്കുറ്റം മാത്രമേ ഈ ആസ്‌ത്രേലിയന്‍ വംശീയവാദിക്കുമേല്‍ ചുമത്തിയിട്ടുള്ളൂ. അതിനിടെ കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ജീവിച്ചിരിക്കുന്നയാളുടെ പേര് ചേര്‍ത്തുവെന്ന തെറ്റ് സംഭവിച്ചെന്ന് ന്യൂസിലന്‍ഡ് പൊലിസ് പറഞ്ഞു. ഭീകരാക്രമണത്തില്‍ ബ്രന്റന്‍ ടെറന്റിനൊപ്പം പങ്കാളിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, ഈ പേര് തെറ്റായി വന്നതാണെന്നും അദ്ദേഹത്തോട് മാപ്പ് പറഞ്ഞെന്നും പൊലിസ് പറഞ്ഞു.
ഒ.ഐ.സി യോഗം
വിളിക്കണമെന്ന്
തുര്‍ക്കി
അങ്കാറ: ഇസ്‌ലാംപേടി മൂലം ലോകത്ത് മുസ്‌ലിംകള്‍ക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മുസ്‌ലിം രാജ്യങ്ങളുടെ ഐക്യവേദിയായ ഒ.ഐ.സിയുടെ അടിയന്തര യോഗം ചേരണമെന്ന് തുര്‍ക്കി. യോഗത്തില്‍ ന്യൂസിലന്‍ഡിലെ പള്ളികളില്‍ നടന്ന ഭീകരാക്രമണവും ഇസ്‌ലാംപേടി, മതസ്പര്‍ധ, വംശീയത എന്നിവ ചര്‍ച്ച ചെയ്യണമെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂദ് കാവുസോഗ്ലു ആവശ്യപ്പെട്ടു. യോഗത്തിലേക്ക് ഒ.ഐ.സി അംഗങ്ങളെ കൂടാതെ യു.എന്‍, യൂറോപ്യന്‍ യൂനിയന്‍, യൂറോപ്പിലെ സുരക്ഷാ സഹകരണ സംഘടന എന്നിവയുടെ പ്രതിനിധികളെയും വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."