ക്ഷേത്ര കവര്‍ച്ച: മോഷ്ടാക്കള്‍ പിടിയില്‍
അഞ്ചല്‍: അറയ്ക്കല്‍ ദേവീക്ഷേത്രത്തില്‍നിന്നു പണം കവര്‍ന്ന മോഷ്ടാക്കള്‍ പിടിയില്‍. അറയ്ക്കല്‍ ചരിവിള പുത്തന്‍വീട്ടില്‍ ജയന് (32), അറയ്ക്കല്‍ പുല്ലൂട്ട് പടിഞ്ഞാറ്റതില്‍ വീട്ടില്‍ മധു (35) എന്നിവരെയാണ് അഞ്ചല്‍ പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണു ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്ര മുന്‍വശത്തെ കുളത്തിനു സമീപത്തായി തീര്‍ഥാടകര്‍ കാണിക്ക നിക്ഷേപിക്കുന്ന ഭണ്ഡാരപ്പെട്ടിയില്‍നിന്ന് മോഷ്ടാക്കള്‍ പണം കവര്‍ന്നെടുക്കുകയായിരുന്നു. ഭണ്ഡാര പെട്ടിയില്‍നിന്നു പണം നഷ്ടമായത് ശ്രദ്ധയില്‍പ്പെട്ട ഭരണസമിതി ഉടന്‍ തന്നെ പൊലിസില്‍ വിവരം അറിയിച്ചു.
അഞ്ചല്‍ സി.ഐ സതികുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മോഷ്ടാക്കളെ തിരിച്ചറിയുകയുമായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലോടെ അറയ്ക്കല്‍ ഭാഗത്തുനിന്നാണു പ്രതികളെ പിടികൂടിയത്. പുനലൂര്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."