ലൈലാമ്മയ്ക്ക് ഇനി ഭയമില്ലാതെ അന്തിയുറങ്ങാം
കൊട്ടിയം: ഭീതി കലര്‍ന്ന രാവുകള്‍ക്കു വിടചൊല്ലി ലൈലാമ്മയും കുടുംബവും സുരക്ഷിതത്വത്തിന്റെ കൂടാരത്തിലേക്ക്. മയ്യനാട് താന്നി ലക്ഷ്മിപുരം തോപ്പില്‍ മേരി വിലാസത്തില്‍ ലൈലാമ്മയ്ക്കാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സുനാമി ഫ്‌ളാറ്റില്‍ വീടനുവദിച്ചത്. കടല്‍ഭിത്തിയോടു ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റുമറച്ച പൊളിഞ്ഞുവീഴാറായ കുടിലിലെ ഇവരുടെ ദുരിതജീവിതം നേരത്തെ വാര്‍ത്തയായിരുന്നു.
കലിപൂണ്ടെത്തുന്ന കടലിനെയും രാത്രിയുടെ മറവിലെത്തുന്ന സാമൂഹ്യവിരുദ്ധരെയും ഭയന്നു മകള്‍ക്കും രണ്ട് ചെറുമക്കള്‍ക്കും ഒപ്പമായിരുന്നു ഈ കുടിലില്‍ ഇവരുടെ താമസം. കടല്‍ക്ഷോഭ സമയങ്ങളില്‍ ഇവരെ അടുത്തുള്ള സ്‌കൂളിലേക്കു മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു പതിവ്. അടുത്തിടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ കുടില്‍ പൂര്‍ണമായും നിലംപൊത്തിയതോടെ ഇവര്‍ പെരുവഴിയിലായി. വാര്‍ഡ് മെമ്പര്‍ ലീന ലോറന്‍സും മയ്യനാട് വില്ലേജ് ഓഫിസര്‍ ഷെഫീക്കും ചേര്‍ന്ന് ഇവരെ താന്നി എല്‍.പി സ്‌കൂളിലേക്ക് താത്കാലികമായി മാറ്റിയിരുന്നു. പിന്നീട് മെമ്പറും വില്ലേജ് ഓഫിസറും നടത്തിയ പരിശ്രമത്തിനൊടുവിലാണ് ലൈലാമ്മയ്ക്ക് താന്നി സാഗരതീരം സുനാമി ഫ്‌ളാറ്റില്‍ വീടനുവദിച്ചത്.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാഫേല്‍ കുര്യനും ഇവരുടെ കാര്യത്തില്‍ ഇടപെട്ടിരുന്നു. തഹസില്‍ദാര്‍ അഹമ്മദ് കബീര്‍ സ്ഥലത്തെത്തിയാണു കഴിഞ്ഞ ദിവസം വീടിന്റെ താക്കോല്‍ കൈമാറിയത്. തങ്ങള്‍ക്ക് സുരക്ഷിത വാസസ്ഥലമൊരുക്കാന്‍ പ്രയത്‌നിച്ചവരെ നന്ദിയോടെ സ്മരിച്ചാണ് ലൈലാമ്മയും കുടുംബവും പുതിയ വീട്ടിലേക്കു പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."