മെഡിക്കല്‍ കോളജില്‍ ഡിഫ്തീരിയ രോഗികള്‍ക്കായി പ്രത്യേക വാര്‍ഡ് തുറന്നു
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഡിഫ്തീരിയ രോഗികള്‍ക്കായി പ്രത്യേക വാര്‍ഡ് ഇന്നലെ തുറന്നു. ഡിഫ്തീരിയ രോഗികളും രോഗനിരീക്ഷകരും മറ്റു രോഗികളും യാതൊരു സുരക്ഷയുമില്ലാതെ ഇന്‍ഫക്റ്റഡ് ഡിസീസ് വാര്‍ഡായ 43-ല്‍ നിലത്തുകിടക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സുപ്രഭാതം ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡിഫ്തീരിയയ്ക്കു മാത്രമായി വാര്‍ഡ് തുറക്കുന്നതിനും മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അധികൃതര്‍ തയാറായത്.
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഡിഫ്തീരിയ രോഗം പടര്‍ന്നുപിടിക്കുമ്പോള്‍ രോഗികള്‍ക്ക് ആവശ്യമായ സൗകര്യം ഇവരുടെ ആശ്രയമായ മെഡിക്കല്‍ കോളജില്‍ ഒരുക്കിയിരുന്നില്ല. ചെറിയ വാര്‍ഡില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ രോഗികളെ പ്രവേശിപ്പിച്ചാണ് ചികിത്സ നടത്തിയിരുന്നത്. കാഷ്വാലിറ്റിക്ക് മുകളിലായി ഒഴിഞ്ഞു കിടക്കുന്ന ട്രോമാ വാര്‍ഡാണ് പുതുതായി ഡിഫ്തീരിയ ചികിത്സയ്ക്കായി ഒരുക്കിയത്. പത്തോളം രോഗികളെയാണ് ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗികളെ നിരീക്ഷിക്കാനായി ഒരു നഴ്‌സിനെയും ഇവിടെ നിയമിച്ചിട്ടുണ്ട്.
സുരക്ഷയില്ലാത്ത 43-ാം വാര്‍ഡില്‍ ആവശ്യത്തിന് ബെഡ്ഡോ, ബാത്ത്‌റൂം സൗകര്യമോ ഇല്ലായിരുന്നു. ഒരു ബെഡ്ഡില്‍ രണ്ടുപേര്‍ വീതം രോഗികളാണ് കിടന്നിരുന്നത്. കൂടാതെ വിവിധ രോഗങ്ങള്‍ ബാധിച്ചവരും ഡിഫ്തീരിയ വാര്‍ഡിലായിരുന്നു ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വാര്‍ഡില്‍ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ടായിരുന്നു. രോഗപ്രതിരോധത്തിനായി സന്ദര്‍ശകര്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയെന്നുള്ള നോട്ടിസ് വാര്‍ഡില്‍ പതിച്ചിട്ടുണ്ടെങ്കിലും ഇതു പേരിനു മാത്രമായിരുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാവുന്ന അവസ്ഥയാണ് ഇവിടെയുണ്ടായിരുന്നത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലും ഡിഫ്തീരിയ ചികിത്സയ്ക്കായി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."