തമിഴ്നാട് തീരത്ത് നിറംമാറുന്ന മത്സ്യത്തെ കണ്ടെത്തി; നട്ടെല്ലില്‍ കൊടിയ വിഷം
സ്വന്തം ലേഖകന്‍
കൊച്ചി: നിമിഷങ്ങള്‍ക്കുള്ളില്‍ നിറം മാറാന്‍ കഴിയുന്നതും നട്ടെല്ലില്‍ കൊടിയ വിഷമുള്ളതുമായ അപൂര്‍വയിനം മത്സ്യത്തെ തമിഴ്നാട്ടിലെ സേതുക്കരൈ കടല്‍ തീരത്ത് കണ്ടെത്തി.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആര്.ഐ) ഗവേഷകരാണ് ഇതിനെ കണ്ടെത്തിയത്. സ്കോര്പിയോണ് മത്സ്യ വിഭാഗത്തില്‍പ്പെട്ട വളരെ അപൂര്‍വമായ 'ബാന്‍ഡ്ടെയില്‍ സ്കോര്പിയോണ്' മത്സ്യമാണിത്.
ഇന്ത്യയില്‍ ആദ്യമായാണ് ഈ മീനിനെ ജീവനോടെ ലഭിക്കുന്നത്. കടല്‍പുല്ലുകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കടലിനടിയിലൂടെയുള്ള ഗവേഷണ സഞ്ചാരത്തിനിടെയാണ് കടല്‍പുല്ലുകള്‍ക്കിടയില്‍ മത്സ്യത്തെ കണ്ടെത്തിയത്.
ഇരകളെ പിടിക്കുന്നതിനും ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനുമാണ് മീന്‍ നിറം മാറുന്നത്. ആദ്യകാഴ്ചയില്‍ പവിഴത്തണ്ട് പോലെ തോന്നിച്ച മീന്‍, തൊട്ടപ്പോള്‍ നിറം മാറുകയായിരുന്നു.
മീനാണെന്ന് തിരിച്ചറിയാത്തവിധം ചുറ്റുപാടിന് സാമ്യമുള്ള നിറം സ്വീകരിക്കാന്‍ ഇതിനാവും.ആദ്യം വെള്ള നിറത്തില്‍ കാണപ്പെട്ട മീന്‍ നിമിഷനേരം കൊണ്ട് കറുപ്പും പിന്നീട് മഞ്ഞയും നിറം സ്വീകരിച്ചു.
നട്ടെല്ലില്‍ ശക്തിയേറിയ വിഷമുള്ളതിനാലാണ് ഇതിനെ സ്കോര്പിയോണ് മത്സ്യം എന്ന് വിളിക്കുന്നത്. ഇവയെ സ്പര്‍ശിക്കുന്നതും അടുത്തു പെരുമാറുന്നതും അപകടകരമാണ്. പ്രത്യേകമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശാസ്ത്രജ്ഞര്‍ ഈ മീനിനെ പിടികൂടിയത്. സി.എം.എഫ്.ആര്.ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ ആര്. ജയഭാസ്കരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് മീനിനെ കണ്ടെത്തിയത്. മീന്‍ സി.എം.എഫ്.ആര്.ഐയിലെ മ്യൂസിയത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."