കോഴിക്കോട് മെഡിക്കല്‍ കോളജ് മാലിന്യപരിഹാരത്തിന് 20 കോടിയുടെ പദ്ധതി
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ 20 കോടി രൂപ ചെലവില്‍ ബൃഹദ് പദ്ധതി വരുന്നു. പദ്ധതിയുടെ പ്രാരംഭ ചര്‍ച്ച കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നു. നിലവില്‍ പണി പൂര്‍ത്തീകരിച്ചിരിക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പത്ത് ദിവസത്തിനകം പ്രവര്‍ത്തിപ്പിച്ചു തുടങ്ങാനും തീരുമാനമായി.
ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്ന രണ്ട് എം.എല്‍.ഡി ശേഷിയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് 2010ല്‍ പണി പൂര്‍ത്തിയാകേണ്ടതായിരുന്നു. 2015ല്‍ ഭാഗികമായി പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെയും അധികൃതരുടെയും കര്‍ശനമായ ഇടപെടലിനെ തുടര്‍ന്ന് പത്ത് ദിവസത്തിനകം മാലിന്യസംസ്‌ക്കരണം തുടങ്ങാന്‍ തീരുമാനമായത്. ഇതു പ്രവര്‍ത്തനമാരംഭിച്ചാലും മാലിന്യപ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലാത്തതിനാലാണ് 14.5 കോടി ചെലവില്‍ എട്ട് എം.എല്‍.ഡിയുടെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കൂടി തുടങ്ങാന്‍ ബന്ധപ്പെട്ടവര്‍ രൂപരേഖ തയാറാക്കിയത്.
മാലിന്യ സംസ്‌ക്കരണത്തിലൂടെ ഉണ്ടാവുന്ന ജലം ശേഖരിക്കുന്നതിന് അഞ്ച് എം.എല്‍.ഡിയുടെ കിണര്‍ നിര്‍മിക്കുന്നതിനും പദ്ധതിയുണ്ട്. 92 ലക്ഷം രൂപയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. ഖരമാലിന്യ സംസ്‌കരണത്തിന് പ്ലാസ്മ ഗ്യാസിഫിക്കേഷന്‍ എന്ന പദ്ധതിയും അധികൃതര്‍ പൂര്‍ത്തിയായി. ജൈവ മാലിന്യത്തോടൊപ്പം മറ്റുതരം ഖരമാലിന്യങ്ങളും സംസ്‌ക്കരിക്കാന്‍ ശേഷിയുള്ളതാണ് ഈ സംവിധാനം. പദ്ധതിയുടെ രൂപരേഖ അധികൃതര്‍ മന്ത്രിക്ക് സമര്‍പ്പിച്ചു.
പദ്ധതി പ്രാവര്‍ത്തികമാകുന്നതിന് എല്ലാ സഹായവുമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. യോഗത്തില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ, പ്രിന്‍സിപ്പല്‍ ഡോ.വി.പി. ശശിധരന്‍, വാര്‍ഡ് കൗണ്‍സിലര്‍ എ.എം. പത്മാവതി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."