കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി തോറ്റു
അടിമാലി: അടിമാലി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി തോറ്റു. വിമത അംഗം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് പി.പി പുരുഷോത്തമന് വിജയിച്ചത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി സി.കെ കുഞ്ഞപ്പനാണ് പരാജയപ്പെട്ടത്.
അഞ്ച് വോട്ടുകള്‍ പുരുഷോത്തമനും നാല് വോട്ടുകള്‍ കുഞ്ഞപ്പനും ലഭിച്ചു. മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും ലീഗില്‍നിന്ന് പുറത്താക്കിയ അംഗവും കേരള കോണ്‍ഗ്രസ് അംഗവും വിമത വിഭാഗത്തെയാണ് പിന്തുണച്ചതെന്ന് സൂചന.
11 അംഗങ്ങളാണ് ബാങ്ക് ഭരണസമിതിക്കുളളത്. ഇതില്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നയാള്‍ രാജിവച്ച് വിദേശത്തേക്ക് പോയതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മറ്റൊരംഗം നേരത്തെ രാജിവച്ചിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥി തോറ്റതോടെ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായി. കോണ്‍ഗ്രസ് നേതാവ് ബാബു കുര്യക്കോസിന്റെ ഗ്രൂപ്പില്‍പ്പെട്ടയാളാണ് ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയതെന്ന് ആക്ഷേപമുണ്ട്. ഇതോടെ ബാബു കുര്യാക്കോസിനെതിരേ നടപടി ആവശ്യപ്പെട്ട് അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയും അടിമാലി, ഇരുമ്പുപാലം മണ്ഡലം കമ്മറ്റികളും ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയതായും സൂചനയുണ്ട്.
ഇതിനിടെ ഇടഞ്ഞ് നില്ക്കുന്ന മസ്ലിം ലീഗിന് ഉചിതമായ സ്ഥാനം നല്കി പ്രശ്നം പരിഹരിക്കാനും കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. അടിമാലി പഞ്ചായത്തിലെ വൈസ്. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് ലീഗ് ഇടഞ്ഞത്. പഞ്ചായത്തില്‍ ഭരണം നഷ്ടമാകാതിരിക്കാന്‍ വിട്ടുവിഴ്ചക്ക് കോണ്‍ഗ്രസ് തയാറാകുമെന്നും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."