രണ്ട് വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡരിക് ഇടിഞ്ഞുതാണു
മാനന്തവാടി: രണ്ട് വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡരിക് ഇടിഞ്ഞ് താണത് റോഡിന് ഭീഷണിയാകുന്നു. ചെറ്റപ്പാലം എരുമത്തെരുവ് ബൈപ്പാസ് റോഡാണ് ഇടിഞ്ഞത്. കെ.സി കുഞ്ഞിരാമന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും രണ്ട് കോടി 45 ലക്ഷം രൂപ ചെലവഴിച്ചാണ് 1.5 കിലോമീറ്റര്‍ ദൂരം റോഡ് നിര്‍മിച്ചത്. മാനന്തവാടി നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് ചെറ്റപ്പാലം എരുമത്തെരുവ്, ചെറ്റപ്പാലം വള്ളിയൂര്‍ക്കാവ് ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാക്കിയത്. 2014 ഫെബ്രുവരിയിലാണ് രണ്ട് റോഡുകളും ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തിരുനെല്ലി, തോല്‍പ്പെട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് തലശ്ശേരി റോഡിലേക്ക് പ്രവേശിക്കാനുള്ള എളുപ്പമാര്‍ഗം കൂടിയായ റോഡാണിത്. റോഡ് അരിക് ഇടിഞ്ഞത് രാത്രി കാലങ്ങളില്‍ വന്‍ അപകടങ്ങള്‍ക്കും കാരണമായേക്കും. പൊതുമരാമത്ത് വകുപ്പിനായിരുന്നു ബൈപ്പാസ് റോഡ് നിര്‍മാണ ചുമതല. റോഡരിക് ഇടിഞ്ഞതോടെ റോഡിന്റെ പല ഭാഗങ്ങളിലും വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. റോഡ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി വലിയ വാഹനങ്ങള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവക്ക് ഈ റോഡിലൂടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിര്‍മാണ ഘട്ടത്തിലും റോഡരിക് ഇടിഞ്ഞിരുന്നു.
കനത്ത മഴ പെയ്താല്‍ റോഡ് തകരുകയും ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിലക്കുകയും ചെയ്യും. അതെസമയം ബി.എസ്.എന്‍.എല്‍ കേബിളുകള്‍ സ്ഥാപിക്കാനായി കുഴിച്ച കുഴികളില്‍ മഴ പെയ്തതോടെ വെള്ളം കെട്ടി നിന്നതാണ് റോഡരിക് ഇടിഞ്ഞ് താഴാന്‍ കാരണമെന്നും ആരോപണമുണ്ട്. റോഡ് സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."